കൈ കാണിച്ചിട്ടും സ്റ്റോപ്പുകളിൽ ബസ് നിർത്തിയില്ലെങ്കിൽ ഇനി ഡൈവ്രർക്കും കണ്ടക്ടർക്കുമെതിരെ നടപടി

യാത്രക്കാർ കൈകാണിച്ചാൽ പോലും അംഗീകൃത സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാർക്ക് ഇനി പിടിവീഴും. അംഗീകൃത സ്റ്റോപ്പുകളിൽ ബസ് നിർത്താതെ പോയാൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടിയെടുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ തിരുത്തൽ നടപടികളുണ്ടാകുമെന്ന് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.പി ദിനേശ് അറിയിച്ചു. അംഗീകൃത സ്റ്റോപ്പുകളിൽ നിന്ന് കൈകാണിച്ചിട്ടും ബസ്സുകൾ നിർത്തുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികളാണ് കെഎസ്ആർടിസിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read Also; കെഎസ്ആർടിസി ബസ്സിൽ പീഡനശ്രമം; ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു
ഈ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടിയെടുക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്കാരോട് സൗഹൃദ സമീപനം സ്വീകരിക്കാത്ത ജീവനക്കാർക്ക് തുടർപരിശീലനം നൽകി അവരെ കൂടുതൽ സേവനതൽപരരും ആത്മാർത്ഥതയുമുള്ളവരാക്കി മാറ്റിയെടുക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഈ മാസം 14ന് തിരുവനന്തപുരം- മൂലമറ്റം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ കൊട്ടാരക്കര വരയ്ക്കലിൽ 4 വിദ്യാർഥിനികളെ കയറ്റാതെ പോയതും 16ന് തിരുവനന്തപുരം വെടിവച്ചാൻ കോവിൽ ജംഗ്ഷനിൽ 2 സിറ്റി ഫാസ്റ്റ് ബസുകൾ കൈ കാണിച്ചിട്ടും നിർത്താതെ പോയതുമുൾപ്പെടെയുള്ള പരാതികൾ എം.ഡിക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സ്റ്റോപ്പുകളിൽ യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർബന്ധമായും നിർത്തണമെന്ന നിർദേശം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here