ദുബായിലെ ഷോപ്പിംഗ് മാളിൽ കുട്ടിയെ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

ദുബായിലെ ഷോപ്പിംഗ് മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ദുബായ് പൊലീസ് പുറത്തുവിട്ടു. കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വർഷം മുൻപ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പൊലീസ് കണ്ടെത്തി. കുട്ടി ജനിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സ്ത്രീ കുട്ടിയെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാൻ ഏൽപ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളിൽ തന്നെ ഫോൺ കോൾ ലഭിച്ചുവെന്ന് അൽ മുറഖബ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാർജയിലുള്ള ഒരു സ്ത്രീയ്‌ക്കൊപ്പമാണ് അവൻ താമസിച്ചിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഷാർജ പൊലീസിന്റെ സഹകരണത്തോടെ, ദുബായ് പൊലീസ് ഈ സ്ത്രീയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ കുട്ടി തന്റെ മകനല്ലെന്നും അഞ്ച് വർഷം മുൻപ് തന്നെ നോക്കാൻ ഏൽപ്പിച്ചശേഷം അവന്റെ അമ്മ രാജ്യം വിട്ടതാണെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.

കുഞ്ഞിന് അഞ്ച് വയസായതോടെ അവന്റെ വിദ്യാഭ്യാസ ചിലവുകൾ ഉൾപ്പെടെ വഹിക്കാൻ കഴിയാതായതോടെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. അൽ മുതീനയിൽ താമസിച്ചിരുന്ന മറ്റൊരു സ്ത്രീ പിന്നീട് കുറേനാൾ കുഞ്ഞിനെ സംരക്ഷിച്ചു. കുട്ടിയെ സംരക്ഷിച്ച നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. 11 ദിവസമായിട്ടും ആരും അന്വേഷിച്ച് എത്താത്തതിനെ തുടർന്ന് കുഞ്ഞ് ഇപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വിമൺ ആന്റ് ചിൽഡ്രന്റെ സംരക്ഷണയിലാണ്.

ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന കുട്ടി തന്റെ മാതാപിതാക്കളുടെ പേര് പോലും പറഞ്ഞിരുന്നില്ല. അച്ഛന്റെ പേര് ചോദിക്കുമ്പോൾ സൂപ്പർ മാനാണെന്നായിരുന്നു അവന്റെ മറുപടി. തന്നെ കൊണ്ടുപാകൻ സൂപ്പർ മാൻ വരുമെന്നും അവൻ പൊലീസുകാരോട് പറഞ്ഞു. ഇത് കുട്ടിയെ മനഃപൂർവം പറഞ്ഞുപഠിപ്പിച്ചതാണെന്ന് പൊലീസിന് സംശയവും തോന്നിയിരുന്നു. കുട്ടിയുടെ സംരക്ഷണം ഇനി എങ്ങനെയായിരിക്കുമെന്നകാര്യം ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top