ഓണം ബമ്പർ: തുക ആറു പേർക്ക് പങ്കിടാൻ സാധിക്കില്ല; ബദൽ മാർഗം സ്വീകരിച്ച് ഭാഗ്യക്കുറി വകുപ്പ്

ഓണം ബമ്പറടിച്ച ഭാഗ്യവാന്മാർക്കാണ് ഇന്ന് ഡിമാൻഡ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്ക് അര്‍ഹരായ ആറു പേരാണ് ഇന്നത്തെ വാർത്ത. ഒന്നാം സമ്മാനമായ 12 കോടി രൂപ ആറു പേർ ചേർന്ന് പങ്കിട്ട് എടുക്കേണ്ടതു കൊണ്ട് തുക കൈമാറുന്ന നടപടി ക്രമത്തിലും കുറച്ച് മാറ്റമുണ്ടാകും.

മുമ്പ് രണ്ട് പേർ വരെ വിജയികളായിട്ടുണ്ട്. എന്നാൽ ആറ് പേർ ഒന്നാം സ്ഥാനക്കാരായി എത്തുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ തുക കൈമാറുന്നതിനായി പ്രത്യേക നടപടി ക്രമങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്ക് തുക കൈമാറൽ സാധിക്കില്ല. പകരം ഈ ആറു പേർ ചേർന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കുകയാണു വേണ്ടത്.

നിലവിൽ, ടിക്കറ്റ് വാങ്ങാൻ മുൻകയ്യെടുത്ത തൃശൂർ പറപ്പൂർ പുത്തൂർ വീട്ടിൽ പി ജെ റോണിയെയാണ് സംഘം തുക കൈപ്പറ്റാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് ഏൽപ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽ റോണിക്ക് അക്കൗണ്ടുള്ളതും ഈ തീരുമാനത്തിനു ശക്തി പകർന്നു. തുക റോണിയുടെ അക്കൗണ്ടിൽ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇക്കാര്യങ്ങൾ. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും വകുപ്പ് ഇടപെടില്ല. ചുമതലക്കാരനെ കണ്ടെത്തി നൽകേണ്ടതും വിവരങ്ങൾ കൃത്യമായി കൈമാറേണ്ടതും വിജയികളുടെ മാത്രം ചുമതലയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top