തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ പാലാ നഗരസഭ കേരള കോൺഗ്രസ്സ് നേതൃത്വത്തിൽ ഭിന്നത

ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പാലാ നഗരസഭ കേരള കോൺഗ്രസ്സ് നേതൃത്വത്തിൽ ഭിന്നത. വൈസ് ചെയർ പേഴ്‌സൺ
കുര്യാക്കോസ് പടവൻ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയതോടെ നഗരസഭ ഭരണം പ്രതിസന്ധിയിലായി. ഭിന്നത പരസ്യമായത് കേരള കോൺഗ്രസ്സ് വോട്ടുകളിൽ അടിയൊഴുക്കുണ്ടാകുമെന്നാണ് ഇടത്‌ പക്ഷത്തിന്റെ കണക്ക് കൂട്ടൽ.

ഇരുപത്താറംഗ നഗരസഭയിൽ കേരള കോൺഗ്രസ്സിനു പതിനേഴും കോൺഗ്രസ്സിനു മൂന്നും മെമ്പർമാരാണുളളത്. കേരള കോൺഗ്രസ്സ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു വൈസ് ചെയർമാൻ കുര്യക്കോസ് പടവൻ ഏറെ കാലമായി നഗരസഭ നേതൃത്വത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് താൻ പി ജെ ജോസഫ് പക്ഷത്തിനൊപ്പമാണെന്നത് കുര്യാക്കോസ് പരസ്യമാക്കിയത്.

എട്ടോളം മെമ്പർമാർ ഉണ്ടെന്നാണ് കുര്യാക്കോസ് പടവന്റെ അവകാശവാദം. കേവല ഭൂരിപക്ഷത്തിനു പതിനാലുപേരുടെ പിന്തുണ മതിയെന്നിരിക്കെ, പുതിയ നീക്കങ്ങൾ നഗരസഭ ഭരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേതാക്കൾ ജോസ് കെ മാണിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് കേരള കോൺഗ്രസ്സ് വോട്ടുകളിൽ അടിയൊഴുക്കുണ്ടാക്കുമെന്നും ഇടത് പക്ഷം കണക്കു കൂട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top