വയസ്സ് 41; വസീം ജാഫർ വിദർഭയുടെ ക്യാപ്റ്റൻ

ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫർ വിദർഭയുടെ ക്യാപ്റ്റനായി നിയമിതനായി. ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ വസീം ജാഫറിൻ്റെ നായകത്വത്തിനു കീഴിലാവും വിദർഭ ഇറങ്ങുക. ടീമിൻ്റെ സ്ഥിരം നായകൻ ഫേസ് ഫസലിനു പരിക്കേറ്റതിനെത്തുടർന്നാണ് 41കാരനായ ജാഫർ ആ സ്ഥാനം ഏറ്റെടുത്തത്. ടൂർണമെന്റ് പാതിയോടെ ഫസൽ ടീമിലേക്ക് മടങ്ങിയെത്തുമെന്നും, ജാഫറിൽ നിന്ന് ക്യാപ്റ്റൻസി തിരികെ ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ട്.

വിജയ് ഹസാരെ ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് വിദർഭ കളിക്കുക. കരുത്തരായ ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഒഡീഷ, ബറോഡ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, എന്നിവരാണ് ഈ ഗ്രൂപ്പിൽ വിദർഭയ്ക്കൊപ്പമുള്ളത്. സെപ്റ്റംബർ 24 ന് ഡെൽഹിക്കെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ പോരാട്ടം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000ഓളം റൺസുകളുള്ള ജാഫറിൻ്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകൾ, ഏറ്റവുമധികം മത്സരങ്ങൾ തുടങ്ങിയ റെക്കോർഡുകളൊക്കെ ജാഫറിൻ്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജാഫർ 31 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top