ബെന്യമിൻ നെതന്യാഹുവും ബെന്നി ഗാന്റ്‌സും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പലസ്തീൻ പ്രധാനമന്ത്രി

ബെന്യമിൻ നെതന്യാഹുവും ബെന്നി ഗാന്റ്‌സും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്ടായേ. പെപ്‌സിയും കോക്കും തമ്മിലുള്ള വ്യത്യാസമേ ഇരുവരും തമ്മിലുള്ളൂ എന്ന് ഷ്ടായേ പരിഹസിച്ചു. ഇസ്രായേലിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്ന പശ്ചാത്തലത്തിലാണ് പലസ്തീൻ പ്രധാനമന്ത്രിയുടെ പരാമർശം.

ബെന്യമിൻ നെതന്യാഹുവിനെയോ ബെന്നി ഗാന്റ്‌സിനെയോ ഇസ്രായേൽ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്ടായേ പറഞ്ഞു. പലസ്തീനിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കാൻ ആഗ്രഹമില്ലാത്ത രണ്ട് പേർ തമ്മിലുള്ള മത്സരമാണ് ഇസ്രായേലിൽ നടന്നതെന്നും ഷ്ടായേ ആരോപിച്ചു. ഇവരിൽ ആര് അധികാരത്തിലെത്തിയാലും വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും പലസ്തീനികളെ അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും ഷ്ടായേ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ വെസ്റ്റ് ബാങ്കിനെ പൂർണ്ണമായും ഇസ്രായേലിനോട് ചേർക്കുമെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവന്നപ്പോൾ ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഇതോടെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്‌സിനെ തന്നെ നെതന്യാഹു ഐക്യസർക്കാരുണ്ടാക്കാനായി ക്ഷണിച്ചു. എന്നാൽ, നെതന്യാഹുവിന്റെ ക്ഷണം നിരസിച്ച ഗാന്റ്‌സ് സ്വന്തമായി സർക്കാരുണ്ടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി 33 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ, 31 സീറ്റുകൾ നേടിയ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ലിക്ക്വുഡ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top