വിജയ് ഹസാരെ ട്രോഫി: കേരളത്തിനെ ഉത്തപ്പ നയിക്കും; സഞ്ജു ഉപനായകൻ

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇക്കൊല്ലം കേരളത്തിലേക്ക് ചേക്കേറിയ കർണാടകയുടെ മുൻ ദേശീയ താരം റോബിൻ ഉത്തപ്പയാണ് കേരളത്തിൻ്റെ ക്യാപ്റ്റൻ. സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാണ്. പോയ വർഷങ്ങളിൽ സച്ചിൻ ബേബിയാണ് കേരളത്തെ നയിച്ചിരുന്നത്.
ഉത്തപ്പ ടീമിലേക്ക് എത്തിയപ്പോൾ തന്നെ അദ്ദേഹം ക്യാപ്നാവുമെന്ന സൂചന ലഭിച്ചിരുന്നു. അത് ശരി വെക്കുന്ന തരത്തിലാണ് ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം പ്രഖ്യാപനം നടത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും സച്ചിൻ ബേബി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യ എ ടീമുകളിൽ കളിച്ച ജലജ് സക്‌സേന, സന്ദീപ് വാര്യർ എന്നിവരും ഇന്ത്യക്കു വേണ്ടി ടി-20 ജേഴ്സിയണിഞ്ഞ ബേസിൽ തമ്പിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൻ്റെ അണ്ടർ-19 ടീമിൽ ഗംഭീര പ്രകടനം നടത്തിയ വത്സൽ ഗോവിന്ദ്, വരുൺ നായനാർ എന്നിവർ ടീമിൽ ഉൾപ്പെടും എന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല.
സെപ്തംബര്‍ 25ന് ബെംഗളൂരുവില്‍ വെച്ച് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് സൗരാഷ്ട്ര, ആന്ധ്ര പ്രദേശ്, മുംബൈ, ജാര്‍ഖണ്ഡ്, ഗോവ, ഹൈദരാബാദ്, കര്‍ണാടക ടീമുകളുമായി കേരളം മത്സരിക്കും.
കേരള ടീം:
റോബിന്‍ ഉത്തപ്പ (നായകന്‍), സഞ്ജു സാംസണ്‍ (ഉപനായകന്‍), ജലജ് സക്‌സേന, രാഹുല്‍ പി, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍), ആഷിഫ് കെഎം, വിഷ്ണു വിനോദ്, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here