നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം തട്ടാൻ ശ്രമം; നാല് പേർ പിടിയിൽ

കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക് മെയിലിംഗ്. നഗ്നദൃശ്യം പകർത്തി വിദേശ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതി അടക്കം നാല് പേർ കൊച്ചിയിൽ പിടിയിലായി. സംഘം കൂടുതൽ പേരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതായി പൊലീസ് പറഞ്ഞു.

വിദേശ വ്യവസായിയുമായി ഫോണിലൂടെ പരിചയത്തിലായ ഫോർട്ട് കൊച്ചി സ്വദേശിനി മേരി വർഗീസാണ് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ നേതൃത്വം നൽകിയത്. കണ്ണൂർ സ്വദേശികളായ സവാദ്, ഷെരീഫ്, അസ്‌കർ എന്നിവരും യുവതിയുടെ സഹായികളായി കൂടെയുണ്ടായിരുന്നു. ദുബായിലെ ഹോട്ടലിൽ വ്യവസായിയെ വിളിച്ച് വരുത്തിയ ശേഷം യുവതിയുമൊത്തുള്ള നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തി. പിന്നീട് ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി ലക്ഷങ്ങൾ വാങ്ങി. ഒടുവിൽ കൊച്ചിയിൽ എത്തിയ വ്യവസായിയോട് 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. ഇതോടെ വ്യവസായി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കർണാടകയിലെ മടക്കേരിയിൽ നിന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. മുപ്പതിലധികം വ്യവസായികളുടെ നഗ്ന ചിത്രങ്ങൾ പ്രതികളിൽ നിന്നും പൊലീസ് കണ്ടെത്തി. എന്നാൽ ഇവരാരും പരാതിപ്പെടാൻ തയ്യാറാകുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top