മലയാളത്തിൽ വീണ്ടും ആന്തോളജി മുഴക്കം; രാജീവ് രവി, ആഷിഖ് അബു, വേണു, ജെയ് കെ എന്നിവർ ഒന്നിക്കും

മലയാളത്തിൽ വീണ്ടും ആന്തോളജി ഒരുങ്ങുന്നു. ഇത്തവണ രാജീവ് രവി, ആഷിഖ് അബു, വേണു, ജെയ് കെ എന്നിവർ ചേർന്നാണ് ആന്തോളജി സിനിമ ഒരുക്കുക. സിനിമയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഏറെ വൈകാതെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
ഈ വർഷാരംഭത്തിൽ തന്നെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നും മറ്റു പല സിനിമാ തിരക്കുകളിൽ പെട്ടതു കൊണ്ടാണ് സിനിമ വൈകുന്നത് എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. നാലു സംവിധായകരും അവരവരുടെ ഭാഗം ഷൂട്ടിംഗ് തീർത്തിട്ടുണ്ട്. എസ്രയുടെ ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട് ജെയ് തിരക്കിലായെന്നും അവസാന വട്ട മിനുക്കു പണികൾ കൂടി അദ്ദേഹത്തിനു തീർക്കാനുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേ സമയം, ആഷിഖ് അബു വൈറസിൻ്റെ തിരക്കുകളിലും രാജീവ് രവി തുറമുഖത്തിൻ്റെ തിരക്കുകളിലും ആയിരുന്നു. ഇരുവരും തങ്ങളുടെ ഭാഗത്തിൻ്റെ ഷൂട്ടിംഗ് തീർത്തുവെങ്കിലും സ്വന്തം സിനിമകൾ പുറത്തിറക്കിയതിനു ശേഷം ആന്തോളജി വെള്ളിത്തിരയിലെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
മലയാളത്തിലെ സുപ്രധാന താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഒന്നിലധികം കഥകളും കഥാപാത്രങ്ങളും ഉൾപ്പെടുത്തിയുള്ള സിനിമകളാണ് ആന്തോളജി സിനിമകൾ. ഒരു മുഴുനീള ഫീച്ചർ ഫിലിമിൻ്റെ ദൈർഘ്യം ഉണ്ടാവുമെങ്കിലും ചെറുസിനിമകൾ ചേർന്ന ഒരു കൂട്ടമാവും ആന്തോളജി.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘നാലു പെണ്ണുങ്ങൾ’ ആണ് മലയാളത്തിലെ ആദ്യ ആന്തോളജി സിനിമ. 2007ൽ പുറത്തിറങ്ങിയ സിനിമയിൽ പദ്മപ്രിയ, നന്ദിത ദാസ്, കാവ്യ മാധവൻ, ഗീതു മോഹൻദാസ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2009ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ ആണ് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആന്തോളജി ചിത്രം. 10 സംവിധായകർ ചേർന്ന് 10 കഥകളാണ് കേരള കഫേയിൽ അവതരിപ്പിച്ചത്. മലയാളത്തിലെ മുൻനിര താരങ്ങളൊക്കെ കേരള കഫേയിൽ അഭിനയിച്ചിരുന്നു.
അഞ്ചു പെണ്ണുങ്ങളുടെ കഥ പറയുന്ന ‘അഞ്ചു സുന്ദരികളും’ ശ്രദ്ധിക്കപ്പെട്ട ആന്തോളജിയാണ്. അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം 2013ലാണ് പുറത്തിറങ്ങിയത്. അഞ്ച് കഥകൾ ഉൾപ്പെടുത്തി ഇറക്കിയ ചിത്രം മേക്കിംഗ് കൊണ്ട് ശ്രദ്ധേയമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here