തന്നെ മദ്യപാനിയാക്കി ദുഷ്പ്രചാരണം നടത്തുന്നു; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ടി സിദ്ദിഖ്: വീഡിയോ

താൻ മദ്യപാനിയാണെന്ന ദുഷ്പ്രചാരണം നടത്തിയതിനു പിന്നിൽ സിപിഐഎം ആണെന്ന് ടി സിദ്ദിഖ്. കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചു എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഇത് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സിദ്ദിഖിൻ്റെ വിശദീകരണം.

ഇന്‍കാസിന്റേത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടി 20ആം തിയതിയാണ് താൻ ദുബായിലെത്തിയതെന്ന് സിദ്ദിഖ് പറയുന്നു. മദ്യപാനിയാക്കി കാണിക്കാനുളള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ തളളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല. മാന്യന്മാരായിട്ടുളള ആളുകളെ മദ്യപാനികളാക്കി ചിത്രീകരിക്കാന്‍ നിങ്ങള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും സിദ്ദിഖ് പറയുന്നു.

താൻ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഇനി മദ്യപിക്കുകയുമില്ല. അതൊരു ജീവിതനിഷ്ഠയാണ്. തന്നെ മദ്യപാനിയാക്കാമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചാല്‍, ആ ആക്കലിന് വിധേയമാകാന്‍ താൻ ഒരുക്കമല്ലെന്നും സിദ്ദീഖ് പറയുന്നു. താന്‍ മദ്യപാനിയാണെന്ന് തെളിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഒരു അവസരം നല്‍കുകയാണെന്നും തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സിദ്ദിഖ് വീഡിയോയിലൂടെ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top