പാലാ വിധിയെഴുതി; 71.26 ശതമാനം പോളിംഗ്

പാലാ ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 71.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ പെയ്തതോടെ കാര്യങ്ങൾ മന്ദഗതിയിലായി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
രാവിലെ പോളിംഗ് തുടങ്ങിയപ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പത്ത് മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 20 കടന്നിരുന്നു. എന്നാൽ, ആദ്യ മണിക്കൂറുകൾ പിന്നിട്ടതോടെ പോളിംഗ് മന്ദഗതിയിലായി. ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ പലയിടത്തും വോട്ടർമാർ കുറഞ്ഞു. വൈകുന്നേരം മൂന്നരയോടെ വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാവിലെ മോക് പോളിംഗ് സമയത്ത് മൂന്നിടത്ത് യന്ത്രത്തകരാറുണ്ടായി. കേടുപാടുകളെത്തുടർന്ന് ആറിടത്തെ വിവിപാറ്റ് മെഷീനുകൾ മാറ്റിസ്ഥാപിക്കേണ്ടതായി വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.25 ശതമാനമായിരുന്നു പാലായിലെ പോളിംഗ് നില.
അതേസമയം, കേരള കോൺഗ്രസിലെ തമ്മിലടി വോട്ട് ദിനത്തിലും തുടർന്നു. ധാർഷ്ട്യത്തിനും ദുരഭിമാനത്തിനും എതിരെ പാലാ ജനത വിധിയെഴുതുമെന്ന് ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം പറഞ്ഞു. ജോയ് എബ്രഹാമിനെതിരെ ഉമ്മൻ ചാണ്ടിയും ജോസ് കെ മാണി പക്ഷവും രംഗത്തെത്തി. പാർട്ടിയിലെ അഭിപ്രായ ഭിന്നതയിൽ സ്വാഭാവിക പ്രതികരണമാണ് ജോയ് എബ്രഹാമിന്റെ തെന്നായിരുന്നു മോൻസ് ജോസഫിന്റെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here