എം എം മണിയുടെ ‘വൺ, ടു, ത്രീ’ പ്രസംഗം പകർത്തിയ ക്യാമറാമാൻ ഇനി ഓർമ

എം എം മണിയുടെ വിവാദമായ വൺ, ടു, ത്രീ പ്രസംഗം പകർത്തിയ ക്യാമറാമാൻ പി ഡി സന്തോഷ് കുമാർ ഇനി ഓർമ. പ്രാദേശിക ചാനലായ വി വൺ ന്യൂസിന്റെ ക്യാമറാമാനായിരുന്ന സന്തോഷ് കുമാർ ഇന്നലെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായിരുന്നു എം എം മണിയുടെ പ്രസംഗം. 2012 മേയ് 24 ന് എം എം മണി മണക്കാട് നടത്തിയ പ്രസംഗം പകർത്തിയത് സന്തോഷ് കുമാറായിരുന്നു. സിടിവി കേബിൾ ചാനലിന് വേണ്ടിയായിരുന്നു സന്തോഷ് ദൃശ്യങ്ങൾ പകർത്തിയത്. സിപിഐഎം പ്രവർത്തകനായിട്ടും പാർട്ടി സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ നശിപ്പിച്ചു കളയാൻ സന്തോഷ് തയ്യാറായില്ല. നാൽപത് മിനിട്ട് വരുന്ന ദൃശ്യങ്ങൾ സന്തോഷ് കുമാർ മുഖ്യധാരാ മാധ്യമങ്ങൾക്ക് കൈമാറിയതോടെ അത് ബ്രേക്കിംഗ് ന്യൂസായി മാറി.
പാർട്ടി അംഗമായ വ്യക്തി, ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം പരസ്യമാക്കിയതിനെ കുറിച്ച് ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സന്തോഷിനെതിരെ പല ആരോപണങ്ങളും ഉയർന്നെങ്കിലും ആരോടും ഒരു പരാതിയും അദ്ദേഹം ഉന്നയിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here