Advertisement

ഉപതെരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും

September 24, 2019
Google News 0 minutes Read
cpim flag

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ പട്ടിക നാളെ ജില്ലാ സെക്രട്ടറിയേറ്റുകളും മണ്ഡലം കമ്മിറ്റികളും ചർച്ച ചെയ്യും. ഈ മാസം 29നും 30നും അഞ്ചു മണ്ഡലങ്ങളിലേയും കൺവെൻഷനുകൾ നടത്താൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം മറികടക്കാൻ ശ്രദ്ധയോടെയാണ് സിപിഐഎം ഇക്കുറി സ്ഥാനാർഥി നിർണയം നടത്തുന്നത്. അഞ്ചു മണ്ഡലങ്ങളിലേയും സ്ഥാനാർഥികളുടെ കാര്യത്തിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പിരിഞ്ഞത്. എറണാകുളത്ത് പൊതു സ്വതന്ത്രനേയും മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഉള്ള സ്ഥാനാർത്ഥിയേയും പരിഗണിക്കാനാണ് തീരുമാനം. എറണാകുളത്ത് അഭിഭാഷകനായ മനു റോയ്, സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ സെബാസ്റ്റ്യൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പാർട്ടി സ്ഥാനാർഥിയെങ്കിൽ എം.അനിൽകുമാറിനായിരിക്കും പ്രഥമപരിഗണന. മഞ്ചേശ്വരത്ത് കെആർ ജയാനന്ദ, ശങ്കർറൈ എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. വട്ടിയൂർക്കാവിൽ കോർപറേഷൻ മേയർ വികെ പ്രശാന്തിനാണ് മുൻ തൂക്കം. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെഎസ് സുനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവരും പട്ടികയിൽ ഉണ്ട്.

കോന്നിയിൽ ഡിവൈഎഫ്‌ഐ നേതാവ് കെ യു ജനീഷ് കുമാർ, സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. അരൂരിൽ സി ബി ചന്ദ്രബാബു, മനു സി പുളിക്കൻ, പിപി ചിത്തരഞ്ചൻ എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറിയറ്റുകളുടെ നിർദേശം പരിശോധിച്ചായിരിക്കും വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് അന്തിമ തീരുമാനം എടുക്കുക.

ഈ മാസം 29ന് വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേയും മുപ്പതിന് ആരൂർ, എറണാകുളം മണ്ഡലങ്ങളിലേയും കൺവെൻഷനുകൾ നടത്താനാണ് ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം. എ വിജയരാഘവൻ, ഇടതുമുന്നണി കൺവീനർ
മണ്ഡലം കൺവൻഷനുകളിൽ മുഖ്യമന്ത്രി, കോടിയേരി, കാനം തുടങ്ങി മുന്നണിയുടെ പ്രധാനനേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. അടുത്തമാസം അഞ്ചിനകം എല്ലാ മണ്ഡലങ്ങളിലേയും ബുത്ത് തല കൺവൻഷനുകൾ നടത്താനും തീരുമാനമായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here