മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് മുസ്ലിം ലീഗ്. കാസർഗോട്ടെ മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികളുമായും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുമായും സംസ്ഥാന നേതൃത്വം ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. അതേസമയം മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് നിലപാടുമായി യൂത്ത് ലീഗ് ഭാരവാഹികൾ പാണക്കാട് പ്രതിഷേധം ഉയർത്തി.

കാസർകോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദീൻ, യൂത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫ് എന്നിവരുടെ പേരാണ് അന്തിമഘട്ടത്തിൽ ഉയർന്ന വന്നത്. ജില്ലാ നേതൃത്വം എംസി ഖമറുദ്ധീന്റെ പേരാണ് നിർദ്ദേശിച്ചത്. എന്നാൽ മണ്ഡല പഞ്ചായത്ത്തല ഭാരവാഹകൾ എകെഎം അഷറഫിന്റെ പേരാണ് നിർദ്ദേശിച്ചത്. എന്നാൽ എംസി ഖമറുദ്ധീനെ തെരഞ്ഞെടുത്തേക്കുമെന്ന ഘട്ടത്തിലാണ് പരസ്യപ്രതിഷേധവുമായി മഞ്ചേശ്വരം യൂത്ത് ലീഗ് ഭാരവാഹികൾ രംഗത്ത് വന്നത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരെ അംഗീകരിക്കാനാവില്ലെന്നും അത് വിജയസാധ്യതയെ ബാധിക്കുമെന്നാണ് ജില്ലയിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ നിലപാട്

യോഗം നടക്കുന്ന സമയത്ത് പുറത്ത് പ്രതിഷേധം ഉയർന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരിഗണനക്ക് വന്നതും സീനിയർ നേതാവാണെന്നതുമാണ് എംസി ഖമറുദ്ധീന് അനുകൂലഘടകം . മഞ്ചേശ്വരം സ്വാദേശിയാണ് എന്നതും ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനവുമാണ് യുത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫിന്റെ സാധ്യത ഉയർത്തുന്നത് . ഈ രണ്ട് പേരുകൾക്കിടയിൽ സമവായത്തിൽ എത്താനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top