ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് വിലക്ക്

പരീക്ഷ തട്ടിപ്പ് വിവാദത്തെ തുടർന്ന് ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി. ഇതിന്റെ ഭാഗമായി പരാക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി.

മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ തുടങ്ങിയ വിനിമയ ഉപകരണങ്ങളെല്ലാം പരീക്ഷാ ഹാളിൽ കർശനമായി വിലക്കിയിരിക്കുകയാണ്. ഇതിന് പുറമെ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യാമറ വാച്ച് തുടങ്ങിയവയൊന്നും അനുവദിക്കില്ല. അച്ചടിച്ചതോ, എഴുതിയോ ആയ പഠന വസ്തുക്കൾ, കടലാസ് തുണ്ടുകൾ, ബോക്‌സുകൾ, പ്ലാസ്റ്റിക് കവർ, റബർ വച്ചെഴുതാനുളള ബോർഡ്, ലോഗരിതം പട്ടിക, പഴ്‌സ്, പൗച്ച് തുടങ്ങിയ സ്‌റ്റേഷനറി
സാധനങ്ങൾക്കും വിലക്കുണ്ട്. പെൻ ഡ്രൈവ്, കാൽക്കുലേറ്റർ,ഇലക്‌ട്രോണിക് പേന, സ്‌കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും പൂർണമായും നിരോധനമുണ്ട്. ഇവയ്ക്കു പുറമേ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയ വിനിമയ ഉപകരണങ്ങൾ ഒളിപ്പിക്കാൻ സാധിക്കുന്ന തരത്തിലുളള ലോഹ,പ്ലാസ്റ്റിക് വസ്തുക്കളും പരീക്ഷാ ഹാളിൽ അനുവദിക്കില്ല.

Read Also : പിഎസ്‌സി പരീക്ഷ ക്രമക്കേട്; തെളിവുകൾ നശിപ്പിച്ചെന്ന് പ്രണവിന്റെ മൊഴി

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതികൾ ഉൾപ്പെട്ട പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സി ഏറെ ആരോപണങ്ങളും പഴികളും കേട്ടിരുന്നു. പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലായിരുന്നു ശിവരഞ്ജിത്തും നസീമും ക്രമക്കേട് കാണിച്ച് റാങ്ക് പട്ടികയിൽ കയറിപ്പറ്റിയത്. പരീക്ഷാ നടപടികൾ സുതാര്യമാക്കാനും ക്രമക്കേടുകൾ തടയാനുമാണ് പുതിയ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top