സർക്കാർ സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക നിർണയം അശാസ്ത്രീയമെന്ന് പരാതി

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക നിർണയം അശാസ്ത്രീയമെന്ന് പരാതി. മറ്റു ഭാഷാ വിഷയങ്ങൾക്ക് സ്ഥിരം അധ്യാപകർ ഉള്ള വിദ്യാലയങ്ങളിൽപോലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇതര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ്. 300ൽ പരം സ്‌കൂളുകളിലാണ് അനിശ്ചിതത്വം തുടരുന്നത്. ഓരോ ക്ലാസിലും അഞ്ചു ഡിവിഷനുകളെങ്കിലും ഇല്ലാത്ത സ്‌കൂളുകളിലാണ് ഈ പ്രതിസന്ധി.
2002 വരെ മറ്റു വിഷയങ്ങൾ പഠിപ്പിച്ചിരുന്ന അധ്യാപകർ തന്നെയാണ് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷും കൈകാര്യം ചെയ്തിരുന്നത്. കോർ സബ്‌ജെക്ട് വിഭാഗത്തിലായിരുന്ന ഇംഗ്ലീഷ് പിന്നീട്് അധ്യാപന മികവിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭാഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
ഈ പശ്ചാത്തലത്തിൽ ഇംഗ്ലീഷിൽ ബിരുദവും, ബി. എഡും ഉള്ള അധ്യാപകരെ ഹൈസ്‌കൂളുകളിൽ നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. എന്നാൽ ഉത്തരവ് കടലാസ്സിൽ മാത്രം ഒതുങ്ങി. ഭാഷ വിഷയങ്ങൾ പഠിപ്പിക്കൻ 15 പിരീഡുകൾക്ക് ഒരു അധ്യാപകനെങ്കിലും വേണമെന്നതാണ് ചട്ടം. എന്നാൽ ഇംഗ്ലീഷിന്റെ കാര്യത്തിൽ മാത്രം ഈ നിയമം ഇപ്പോഴും അകന്ന് നിൽക്കുന്നു. ഹിന്ദി, ഉറുദു, അറബി തുടങ്ങിയ ഭാഷകൾക്ക് സ്ഥിരം അധ്യാപകർ ഉള്ള വിദ്യാലയങ്ങളിൽപോലും ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ല. എല്ലാ ഹൈസ്‌കൂളുകളിലും ഒരു ഇംഗ്ലീഷ് അധ്യാപകനെങ്കിലും വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉൾപ്പടെയുള്ളവർക്ക് സ്‌കൂൾ അധികൃതർ നിവേതനങ്ങള്‍ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
സർക്കാർ കൃത്യമായ നടപടി സ്വീകരിക്കാത്തതുകൊണ്ട് യോഗ്യതയുള്ള ഒട്ടേറെ പേർ തൊഴിൽ രഹിതരായി കഴിയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം വഴിമുട്ടി നിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ വിദ്യാഭ്യാസ നേട്ടങ്ങൾ സ്വന്തമാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ നിലവാരം ചോദ്യ ചിഹ്നമായി തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here