കോടികൾ ചിലവഴിച്ച് നിർമ്മിച്ച കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ കുറഞ്ഞവിലക്ക് ടെൻഡർ കൊടുക്കുന്നു

കോടികൾ ചിലവഴിച്ച് നിർമ്മിച്ച കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ കെട്ടിടം കുറഞ്ഞ വിലക്ക് ടെൻഡർ നൽകാൻ തീരുമാനം. നാലുവർഷം പൂട്ടി കിടന്നതോടെ സർക്കാരിന് ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ കെട്ടിടമാണ് കുറഞ്ഞവിലക്ക് നൽകേണ്ടിവരുന്നത്.

64 കോടി രൂപ ചിലവിൽ രണ്ട് ബഹുനില കെട്ടിടങ്ങളോടെ കെഎസ്ആർടിസി ടെർമിനൽ 2015 ലാണ് പണി പൂർത്തിയായത്. കെഎസ്ആർടിസിക്ക് മികച്ച വരുമാന മാർഗം ലക്ഷ്യമിട്ടായിരുന്നു ബിഒടി അടിസ്ഥാനത്തിൽ ടെർമിനൽ ആരംഭിച്ചത്. എന്നാൽ കോടതി ഇടപെടൽ ഉണ്ടായതോടെ ടെൻഡർ നടപടി കാലതാമസം ഉണ്ടായി. നിലവിൽ 17 കോടി രൂപയ്ക്കാണ് കോഴിക്കോട്ടെ ആലിഫ് ബിൽഡേഴ്‌സിന് ടെൻഡർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ 64 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് ഇപ്പോൾ 17 കോടി രൂപയ്ക്ക് നൽകേണ്ടി വരുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം തുറക്കാത്തത് കാരണം സർക്കാരിന് ലക്ഷങ്ങളാണ് നഷ്ടമുണ്ടായത്. നാലുവർഷമായി ഉപയോഗശൂന്യമായി കിടക്കുന്ന ടെർമിനൽ അറ്റകുറ്റപ്പണി നടത്താതെ അതേ നിലയിൽ തന്നെ കൈമാറാനാണ് തീരുമാനം. അറ്റകുറ്റ പണി പൂർത്തിയാക്കി വൈകാതെ കെട്ടിടങ്ങൾ വാണിജ്യ സംരംഭങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ വർഷങ്ങളായുള്ള പ്രശ്‌നത്തിനാണ് പരിഹാരമാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top