‘ഇത് ബിജെപിയുടെ നീതിയോ’?; ചിന്മയാനന്ദിനെതിരെ പരാതിപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അറസ്റ്റിനെതിരെ പ്രിയങ്ക ഗാന്ധി

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയ നിയമവിദ്യാർത്ഥിനിയുടെ അറസ്റ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിന്മയാനന്ദിന്റെ അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. അറസ്റ്റ് വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് നടപടിക്ക് തയ്യാറായതെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.

ചിന്മയാനന്ദിനെതിരെ ഇതുവരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല. ഇത് ബിജെപിയുടെ നീതിയാണോയെന്നും പ്രിയങ്ക ചോദിച്ചു. ഉന്നാവോയിലെ പെൺകുട്ടിയുടെ കേസിന് സമാനമാണ് ഷാജഹാൻപുരിലെ പെൺകുട്ടിയുടെ കേസ്. ഉന്നാവോ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. അമ്മാവനെ അറസ്റ്റ് ചെയ്തു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസിൽ പ്രതിയായ കുൽദീപ് സെൻഗറിനെ അറസ്റ്റ് ചെയ്തത്. ഇതിന് സമാനമാണ് ഷാജഹാൻപുരിലെ പെൺകുട്ടിയുടെ കേസെന്നും പ്രിയങ്ക പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപാണ് ചിന്മയാനന്ദിനെതിരെ പരാതി നൽകിയ നിയമവിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ചോദ്യം ചെയ്യുന്നതിനായി ഉത്തർപ്രദേശ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ചിന്മയാനന്ദ് നൽകിയ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സമർപ്പിക്കുന്നതിന് ഷാജഹാൻപുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാഹനം തടഞ്ഞു നിർത്തി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടിയുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top