സ്ത്രീകൾക്ക് പൂർണ്ണ പ്രവേശനമില്ലാത്ത സ്റ്റേഡിയങ്ങളിൽ ഫുട്ബോൾ കളിക്കേണ്ടെന്ന് യുവേഫ

സ്റ്റേഡിയത്തിൽ പോയി ഫുട്ബോൾ മത്സരം കണ്ടതിനെത്തുടർന്ന് ജീവനൊടുക്കേണ്ടി വന്ന ഇറാൻ ആരാധികയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിർദ്ദേശവുമായി യുവേഫ. സ്റ്റേഡിയത്തിലെത്തി മത്സരങ്ങൾ കാണാൻ അനുവാദമില്ലാത്ത രാജ്യങ്ങളിൽ കളിക്കേണ്ടെന്നാണ് യുവേഫ തങ്ങളുടെ കീഴിലുള്ള രാജ്യങ്ങൾക്കും ക്ലബുകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
തങ്ങളുടെ കീഴിലുള്ള 55 ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കുമാണ് യുവേഫ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാൽ നിർദ്ദേശം പാലിക്കാതിരുന്നാലോ ഈ രാജ്യങ്ങളിൽ കളിച്ചാലോ ടീമുകള്‍ക്കുമേല്‍ നടപടിയെടുക്കാൻ യുവേഫയ്ക്ക് അധികാരമില്ല. ഇങ്ങനെയൊരു നിർദ്ദേശം മുന്നിൽ വെക്കാനേ സാധിക്കൂ. ലിംഗസമത്വത്തിനായി കഴിയുന്നതൊക്കെ ചെയ്യുമെന്നും നിർദ്ദേശം അനുസരിക്കുന്ന ടീമുകള്‍ക്കും രാജ്യങ്ങള്‍ക്കുമൊപ്പം യുവേഫ ഉണ്ടാകുമെന്നും പ്രസിഡന്റ് അലക്‌സാണ്ടര്‍ കഫേറിന്‍ പറഞ്ഞു.
അതേ സമയം, നിര്‍ദ്ദേശത്തില്‍ ഒരു രാജ്യത്തിന്റെയും പേര് എടുത്തുപറയാന്‍ യുവേഫ തയ്യാറായില്ല. ഒക്ടോബര്‍ 10 നു നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം മുതൽ സ്ത്രീപ്രവേശനം പൂര്‍ണ്ണമായും ഉറപ്പാക്കണമെന്നു ഫിഫയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
1981ലാണ് കായിക മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണുന്നതിൽ നിന്നും ഇറാൻ യുവതികളെ തടഞ്ഞത്.
കഴിഞ്ഞ ആഴ്ചയാണ് ഇറാൻ നിയമത്തെ മറികടന്ന്, സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തിയ ഇറാനിയൻ യുവതി സഹർ മരണത്തിനു കീഴടങ്ങിയത്. മത്സരം കാണാനെത്തിയതിനെത്തുടർന്ന് അറസ്റ്റിലാവുകയും അതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തുകയും ചെയ്തതാണ് മരണ കാരണം.
ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്.
ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here