ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സംസ്ഥാന നേതൃത്വം ഇന്ന് ഹൈക്കമാന്റിന് കൈമാറിയേക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളിലേക്കുളള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക സംസ്ഥാന നേതൃത്വം ഇന്ന് ഹൈക്കമാന്റിന് കൈമാറിയേക്കും. നാളെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, അരൂരിൽ മത്സരിക്കാൻ എം ലിജുവിന് മേൽ നേതൃത്വം സമ്മർദ്ദം ശക്തമാക്കുന്നുണ്ട്.

പാലാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിൽ കരുത്തുറ്റ സ്ഥാനാർത്ഥികളെ രംഗത്തിറക്കണമെന്ന വിലയിരുത്തലിലാണ് നേതാക്കൾ. പത്രികാ സമർപ്പണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇനിയും തർക്കങ്ങളുടെ പിന്നാലെ പോയി സമയം കളയരുതെന്ന നിർദേശവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. തർക്കങ്ങൾ മൂലം സ്ഥാനാർത്ഥി ചർച്ചകൾ കുഴഞ്ഞുമറിഞ്ഞെങ്കിലും, എഐസിസിയുടെ അംഗീകാരത്തിനായി അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ഇന്നു തന്നെ ഹൈക്കമാന്റിന് സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

കോൺഗ്രസ് സ്ഥാനാർത്ഥിയായി അരൂരിൽ എം ലിജുവിനെയാണ് നിലവിൽ നേതൃത്വം പരിഗണിക്കുന്നത്. എന്നാൽ, മത്സരിക്കാനില്ലെന്ന നിലപാടിലാണ് ലിജു. സാമുദായിക സമവാക്യം പാലിക്കുന്നതിന് ലിജു മത്സര രംഗത്തിറങ്ങണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

കോന്നിയിൽ പി മോഹൻരാജിന് തന്നെയാണ് സാധ്യത. ഐ ഗ്രൂപ്പിന്റെ മണ്ഡലമാണ് കോന്നി. പി മോഹൻരാജാകട്ടെ എ ഗ്രൂപ്പ് പ്രതിനിധിയും. ഇതിന് പകരം അരൂർ ഐ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും നിലവിൽ അത്തരത്തിൽ വെച്ചുമാറേണ്ടതില്ലെന്നും വാദമയുർന്നിട്ടുണ്ട്.

എന്നാൽ, ഇതിനോട് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിട്ടില്ല. വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും എറണാകുളത്ത് ടി ജെ വിനോദുമാകും സ്ഥാനാർത്ഥികൾ. നാളെത്തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top