പഴയ പാലാ പുതിയ മാണി

കെഎം മാണിയുടെ കുത്തകയായിരുന്നു 50 കൊല്ലമായി പാലാ നിയോജക മണ്ഡലം. എന്നാൽ ഇന്ന് ചരിത്രം വഴി മാറി. പാലായ്ക്ക് ഇനി പുതിയ മാണിയാണ്.പാലാ നിയോജക മണ്ഡലം ഇനി മാണി സി കാപ്പൻ ഭരിക്കും.ഇന്ന് നടന്ന പാലാ ഉപ തെരഞ്ഞെടുപ്പിൽ 2943 വോട്ടിനാണ് മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയത്.

രാഷ്ട്രീയപ്രവർത്തകൻ മാത്രമല്ല മാണി സി കാപ്പൻ. മലയാള ചലച്ചിത്രനിർമ്മാതാവും സംവിധായകനും അഭിനേതാവും മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ കാപ്പൻ എൻ.സി.പി.യുടെ സംസ്ഥാന ട്രഷററാണ്. 25-ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1956 മെയ് 30 ന് കോട്ടയം ജില്ലയിലെ പാലായിൽ കാപ്പിൽ കുടുംബത്തിൽ ചെറിയാൻ ജെ കാപ്പന്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളിൽ ഏഴാമത്തെ മകനായി ജനനം. അച്ഛൻ ചെറിയാൻ ജെ കാപ്പൻ സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, ലോക്‌സഭാ അംഗം, നിയമസഭ അംഗം, പാലാ മുൻസിപ്പൽ ചെയർമാൻ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്.

പഠിന കാലഘട്ടത്തില്‍ വോളിബോൾ കളിക്കാരനായിരുന്നു. സിനിമ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായിരുന്നു കാപ്പൻ.

മാണി സി കാപ്പൻ കോളേജ് പഠനകാലത്ത്

പാലാ സെന്റ് മേരീസ് എൽപി സ്‌കൂൾ, പാലാ സെന്റ് തോമസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ്  സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലും മടപ്പള്ളി സർക്കാർ കോളജിലുമായിരുന്നു കലാലയ ജീവിതം.

കോളജ് വിദ്യാഭ്യാസ കാലത്ത് കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ വോളിബോൾ ടീമിലെത്തിച്ചു.

കെഎസ്ഇബി ടീമിനൊപ്പം(ഇരിക്കുന്നതിൽ വലത് വശത്ത് ആദ്യം)

 

മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം (നടുക്ക് നിൽക്കുന്നത്)

പ്രൊഫഷണൽ സ്‌പോർട്‌സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ അബുദാബി സ്‌പോർട്‌സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ താരം ജിമ്മി ജോർജിനൊപ്പം അബുദാബി സ്‌പോർട്‌സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു.

കാപ്പൻ ആദ്യമായി നിർമിച്ച  ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രം തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി . തുടർന്ന് മാന്നാർ മത്തായി സ്പീക്കിംഗ്, കുസൃതി കാറ്റ്, സിഐഡി ഉണ്ണികൃഷ്ണൻ, തുടങ്ങി 11 ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയും മാണി സി കാപ്പൻ അണിഞ്ഞു. തുടർന്ന് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.

2012-ൽ ‘മേലേ പറമ്പിൽ ആൺവീട്’ എന്ന തന്റെ ചിത്രം ആസാമിസ് ഭാഷയിൽ അദ്ദേഹം തന്നെ സംവിധാനവും നിർമാണവും നിർവഹിച്ചുക്കൊണ്ട് പുറത്തിറക്കി. മേലേപറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ് എന്നീ ചിത്രങ്ങൾക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷററായിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻ.സി.പിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ (2000-05), നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.
ആലീസാണ് ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top