അരാംകോ ആക്രമണം: ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി

ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ. ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിൽ സൗദി അറേബ്യ നടത്തുന്ന അന്വേഷണം പൂർത്തിയായാൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്നാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ വ്യക്തമാക്കിയത്. ഇറാനെതിരെ എല്ലാ തെളിവും പുറത്തു വന്നാൽ സാമ്പത്തിക സൈനിക നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനാണ് അരാംകോ ആക്രമണത്തിന് പിന്നിലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ഇവിടെയും ആവർത്തിച്ചു. ഇറാന്റെ തീരുമാനങ്ങളും അവരെടുക്കുന്ന നിലപാടുകളും തീവ്രമാണെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തെളിവുണ്ടായിട്ടും എന്താണ് ഇറാനെതിരെ യുദ്ധം ചെയ്യാത്തതെന്ന് ചർച്ച നിയന്ത്രിച്ച യു.എൻ വിദേശകാര്യ കൗൺസിൽ പ്രസിഡന്റ് ചോദിച്ചു. യുദ്ധം അവസാനത്തെ നടപടിയാണെന്നും അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും ചോദ്യത്തിന് മറുപടിയായി ആദിൽ അൽ ജുബൈർ പറഞ്ഞു. എല്ലാം തെളിഞ്ഞാൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികൾ എല്ലാം ആലോചിക്കുമെന്നും സൗദി വിദേശകാര്യ സഹ മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here