സിക്കിൾ സെൽ അനീമിയ രോഗിയായ വിദ്യാർത്ഥിനിയെ അധ്യാപകർ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി പരാതി

കോളേജ് ഹോസ്റ്റലിൽ വെച്ച് ഗുരുതരമായ അസുഖം സിക്കിൾ സെൽ അനീമിയ രോഗിയായ വിദ്യാർത്ഥിനിയെ അധ്യാപകർ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പരാതി. പാലക്കാട് ഗവ:വിക്ടോറിയ കോളേജിലെ രണ്ടാം വർഷ ബിഎ എക്ണോമിക്‌സ് ക്ലാസിലെ ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിനിയോടാണ് ഹോസ്റ്റൽ വാർഡനും റെസിഡന്റ് ട്യൂട്ടറും ക്രൂരമായ രീതിയിൽ പെരുമാറിയത്.
സംഭവമറിഞ്ഞ് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധിച്ചതോടെ വൈസ് പ്രിൻസിപ്പൽ വ്യാഴാഴ്ച്ച രാത്രി 9 മണിക്ക് തൃശൂർ മെഡിക്കൽ കോളേജിലെത്തുകയായിരുന്നു.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അട്ടപ്പാടി സ്വദേശിനിയായ ആദിവാസി വിഭാഗത്തിൽ പെട്ട രണ്ടാം വർഷ എക്ണോമിക്‌സ് വിദ്യാർത്ഥിനി വിക്ടോറിയ കോളേജിലെ ഹോസ്റ്റലിൽ വെച്ച് ഗുരുതരാവസ്ഥയിലാകുന്നത്.സിക്കിൾസെൽ അനീമിയ രോഗമുള്ള വിദ്യാർത്ഥിനിയേയും കൊണ്ട് ഹോസ്റ്റൽ വാർഡനും,കോളേജിലെ അധ്യാപികയും ,സുഹൃത്തായ വിദ്യാർത്ഥിനിയും നേരെ പോയത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കാണ്്. ഇവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടനുഭവിച്ച വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം തനിച്ചാക്കി അധ്യാപകർ ഇവിടെ നിന്ന് പോകുകയായിരുന്നു.കൂടെയുള്ള വിദ്യാർത്ഥിനി ആശുപത്രിയിൽ നിൽക്കാമെന്ന് പറഞ്ഞിട്ടും അധ്യാപകർ സമ്മതിച്ചിച്ചെന്ന് വിദ്യാർത്ഥികൾ പറയുന്നു.
വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ വൈസ് പ്രിൻസിപ്പലും ചില അധ്യാപകരും 6 മണിക്ക്് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ആദിവാസി വിഭാഗത്തിപ്പെട്ട വിദ്യാർത്ഥിനിയോട് ക്രൂരത കാണിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധിച്ചതോടെ ആരോപണം നേരിടുന്ന അധ്യാപകരെ താൽക്കാലികമായി തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അവധിയിലുള്ള പ്രിൻസിപ്പൽ തിങ്കളാഴ്ച മടങ്ങിയെത്തി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.അസുഖബാധിതയായ വിദ്യാർത്ഥിനി ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here