നാൽപത് മുതൽ എൺപത് വരെ; തക്കാളി വിലയും കുതിക്കുന്നു

ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില കുതിക്കുന്നു. കൃഷി നാശം മൂലം ഉത്പാദനം കുറഞ്ഞതും ലഭ്യത കുറഞ്ഞതുമാണ് തക്കാളിയുടെ വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഡൽഹിയിൽ തക്കാളിക്ക് 70 ശതമാനം വില വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നാൽപത് മുതൽ അറുപത് രൂപ വരെയാണ് തക്കാളിയുടെ വില. ചിലയിടങ്ങളിൽ കിലോയ്ക്ക് എൺപത് രൂപ വരെയുണ്ട്. മുപ്പത് രൂപയിൽ താഴെയായിരുന്നു ഒരു കിലോ തക്കാളിയുടെ വില. ഒരാഴ്ചയ്ക്കുള്ളിലാണ് തക്കാളിയുടെ വില കുതിച്ചുയർന്നത്. ചണ്ഡിഗഡിലെ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില. ഡൽഹിയിലെ ആസാദ്പുർ മണ്ഡിയിലെ മൊത്ത വ്യാപാര കണക്കുകൾ പറയുന്നത് 800 രൂപയ്ക്ക് മുകളിലാണ് 25 കിലോഗ്രാം ഗ്രേഡ് ഒന്ന് തക്കാളി വിലയെന്നാണ്. ഡൽഹിയെ കൂടാതെ മുംബൈയിലും തക്കാളി വില ഉയർന്നിട്ടുണ്ട്.
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുണ്ടായ കനത്തമഴ കൃഷി നാശത്തിന് കാരണമായിരുന്നു. ഇതാണ് പച്ചക്കറിയുടെ വില വർധനവിന് കാരണമായത്. ഉത്സവ സീസണുകൾ അടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർധന ആളുകളെ വലയ്ക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പസ്വാൻ വ്യക്തമാക്കിയത്. എന്നാൽ നടപടിയുണ്ടാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here