വയനാട്ടില്‍ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കും ക്രഷറിനുമെതിരെ പ്രദേശവാസികൾ സമരരംഗത്തേക്ക്

വയനാട് പുൽപ്പള്ളി ശശിമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കും ക്രഷറിനുമെതിരെ പ്രദേശവാസികൾ സമരം നടത്താനൊരുങ്ങുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലാണ് ക്വാറിയുടെ പ്രവർത്തനമെന്ന് ക്വാറിവിരുദ്ധ ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ ക്രഷറിൽ കരിങ്കൽ കൊണ്ടുവന്ന് അനുബന്ധ സാമഗ്രികൾ നിർമിക്കുകയാണ് ചെയ്തത്.പിന്നീട് ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചു. മലയായിരുന്ന ഈ പ്രദേശം ഇപ്പോൾ പാറ ഖനനത്താൽ വൻകുഴിയായി മാറിയതായും ഖനനം പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു

ക്വാറിക്ക് സമീപത്തെ മിക്ക വീടുകൾക്കും സ്ഫോടനത്തിന്റെ ആഘാതത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. കല്ലുകൾ പൊട്ടിക്കുന്ന സമയത്തുണ്ടാകുന്ന പൊടിപടലങ്ങൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനാൽ കാർഷിക വിളകളും നശിക്കുകയാണ്. അഞ്ചേക്കറോളം സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്.

നിലവിൽ ക്വാറിയുടെ പ്രവർത്തനം സർക്കാർ നിർദേശത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ക്വാറി വീണ്ടും തുറന്നേക്കാമെന്ന സൂചന ലഭിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചിരിക്കുന്നത്.പാറപൊട്ടിക്കുന്നതിന് വേണ്ടി സ്ഫോടനം നടത്തുമ്പോൾ മലകുലുങ്ങുന്നതായും ഇതിന്റെ ഫലമായി സമീപത്തുള്ള വീടുകൾ,ആരാധനാലയങ്ങൾ, കുഴൽക്കിണറുകൾ എന്നിവയെല്ലാം അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.

പാറകൾ പൊട്ടിക്കുന്നതിന് 200 ലധികം സ്ഫോടനങ്ങൾ പ്രതിദിനം നടത്തുന്നുണ്ടെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ നിന്നു അധികം അകലെയല്ലാത്ത സ്ഥലത്താണ് ക്വാറി പ്രവർത്തിക്കുന്നത്.പലതവണ ഇവർ പരാതി നൽകിയിട്ടും പരിഹാരമാകാതെ വന്നതോടെ ക്വാറിക്കെതിരെ ആദ്യഘട്ടത്തിൽ പഞ്ചായത്തിന് മുന്നിലും പിന്നീട് കലക്ട്രേറ്റിന് മുന്നിലേക്കും സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top