എറണാകുളം ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി ഇടത്-വലത് സ്ഥാനാർത്ഥികൾ

ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ സജീവമാണ് യുഡിഎഫ്. നേരത്തെ കളത്തിലിറങ്ങിയ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. ബിജെപി സിജി രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിഞ്ഞിരുന്നതെങ്കിലും ഇത്തവണ ഇതിനെ ഒക്കെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.മണ്ഡലത്തിൽ പൊതു സമ്മതനായ സ്വതന്ത്രനെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കാമെന്ന പതിവ് തന്ത്രം ഫലം കാണുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ യുഡിഎഫിന്റെ പൊന്നാപുരം കോട്ട നിലനിർത്താൻ ഡിസിസി പ്രസിഡന്റിനെ തന്നെ കളത്തിലിറക്കി യുഡിഎഫും സജീവമാണ്.

അവസാന നിമിഷം വരെ ഉണ്ടായിരുന്ന കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളൊക്കെ അട്ടിമറിച്ച് കൊണ്ട് ഐ ഗ്രൂപ്പ് വീണ്ടും സീറ്റെടുത്തെങ്കിലും എ ഗ്രൂപ്പിന് പടലപിണക്കങ്ങളൊന്നുമില്ല. പ്രചാരണത്തിൽ ഗ്രൂപ്പ് മറന്ന് ഒന്നിച്ചുള്ള പ്രവർത്തനമായിരിക്കും.ലത്തീൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ സമുദായത്തിൽ നിന്നുള്ള രണ്ട് സ്ഥാനാർത്ഥികളെത്തുമ്പോൾ മറ്റ് വിഭാഗങ്ങളുടെ വോട്ടുകൾ സമാഹരിക്കാനായിരിക്കും ബിജെപി ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top