ഡ്രൈവർ തസ്തികയുടെ ഉത്തരവാദിത്തമെന്തെന്ന് ആരാഞ്ഞു; ശിക്ഷയായി വണ്ടി കഴുകൽ; അഗ്നിശമന സേനാംഗം കുഴഞ്ഞുവീണു

മണ്ണാർക്കാട് ഫയര്‍‌സ്റ്റേഷനിൽ ഡ്രൈവർ ജീവനക്കാരന് പീഡനം. സംഘടനാ യോഗത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് ഫയർമാൻ ആൻഡ് ഡ്രൈവർ കം പമ്പ് ഓപ്പറേറ്ററായ തിരൂർ സ്വദേശി മനോജിനാണ് ശിക്ഷ ലഭിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെപ്തംബർ 22നാണ് സംഭവത്തിന്റെ തുടക്കം. അസോസിയേഷന്റെ മീറ്റിംഗ് വട്ടമ്പലത്തെ ഫയര്‍‌സ്റ്റേഷനിൽ കൂടുന്നതിനായി റെസ്റ്റ് റൂമിൽ വിശ്രമത്തിലായിരുന്ന മനോജിനെ സ്റ്റേഷൻ ഓഫീസർ പുറത്ത് നിർത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സംഘടനാ യോഗങ്ങൾ ഓഫീസുകളിൽ നടത്താൻ പാടുള്ളതാണോ എന്ന ചോദ്യവുമായി മനോജ് വിവരാവകാശം തേടിയിരുന്നു. ഇതിനിടെ ഡ്രൈവർ തസ്തികയുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമെന്നും അദ്ദേഹം വിവരാവകാശത്തിനായി നൽകിയിരുന്നു.

തുടർന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ സ്റ്റേഷൻ സന്ദർശിച്ചു. ഡ്രൈവർ ഉദ്യോഗത്തിലെ ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെടുത്താം എന്ന് പറഞ്ഞ് അഗ്‌നി ശമന സേനയുടെ വാഹനം കഴുകാനാവശ്യപ്പെട്ടു. വിശ്രമമില്ലാതെ ശിക്ഷ കിട്ടിയതിനെ തുടർന്ന് മനോജ് തളർന്ന് വീഴുകയായിരുന്നു. ജില്ലാ ഫയർ ഫോഴ്‌സ് മേധാവിക്കെതിരെ മനോജിന്റെ ഭാര്യ രമ്യ മണാർക്കാട് പൊലീസിൽ പരാതി നൽകി. അതേസമയം, മനോജിനെതിരെ നിരവധി പരാതികളുണ്ടെന്നും ഇയാൾ രോഗം അഭിനയിക്കുകയാണെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top