വിജയേട്ടന്റെ കളിമികവൊന്നും അങ്ങനെ പൊയ്പ്പോവൂല മോനേ! ഐ എം വിജയന്റെ ലോംഗ് റേഞ്ചറിൽ അതിശയിച്ച് സോഷ്യൽ മീഡിയ: വീഡിയോ

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് തൃശൂർക്കാരൻ ഐഎം വിജയൻ. ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുള്ള സ്ട്രൈക്കർമാരിൽ ഏറ്റവും മികച്ചവനെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും അത് അതിശയോക്തി ആവില്ല. 50 വയസ്സ് പിന്നിട്ടിട്ടും തൻ്റെ കേളീമികവൊന്നും കൈമോശം വന്നിട്ടില്ലെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അതിനോടൊപ്പം ചേർത്തു വെക്കാവുന്ന മറ്റൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മണ്ണാർക്കാട് വെച്ച് നടന്ന ഒരു സൗഹൃദ മത്സരമെന്നാണ് ലഭിക്കുന്ന വിവരം. മത്സരത്തിൽ ഐഎം വിജയൻ്റെ ഒരു തകർപ്പൻ ഗോൾ വീഡിയോ ആണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഏതാണ്ട് 20 വാര അകലെ നിന്നും പന്ത് സ്വീകരിക്കുന്ന വിജയൻ മൂന്ന് ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി പോസ്റ്റിൻ്റെ ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് ഒരു ബുള്ളറ്റ് ഷോട്ട് തൊടുക്കുന്നു. സഹ താരങ്ങളുടെ ഗോളാഘോഷത്തിലും സൗമ്യനായി ‘ഇതൊക്കെ എന്ത്’ എന്ന ഭാവത്തിൽ അദ്ദേഹം തിരികെ നടക്കുന്നു.
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ 1969 ഏപ്രിൽ 25നാണ് ജനിച്ചത്. 87ൽ കേരള പൊലീസിലൂടെ കളി തുടങ്ങിയ അദ്ദേഹം 89ൽ ഇന്ത്യക്കായി അരങ്ങേറി. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി രാജ്യാന്തര തലത്തിലെ ഏറ്റവും വേഗതയേറിയ ഗോളുടമയെന്ന റെക്കോർഡ് കരസ്ഥമാക്കി. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ പ്രമുഖ ക്ലബുകളിൽ ബൂട്ടണിഞ്ഞ വിജയൻ 2004ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here