നാലോവറിൽ നാലു വിക്കറ്റ്; ആസിഫ് കൊറ്റുങ്കാറ്റിൽ കടപുഴകി ഹൈദരാബാദ്

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച. 4 ഓവറിൽ 4 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ യുവ പേസർ കെഎം ആസിഫാണ് ഹൈദരാബാദിനെ തകർത്തെറിഞ്ഞത്. സ്കോർ ബോർഡിൽ 12 റൺസെടുക്കുമ്പോഴേക്കും അവർക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. 32 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ഓപ്പണർ തന്മയ് അഗർവാളിലാണ് ഹൈദരാബാദിൻ്റെ പ്രതീക്ഷ.

സ്കോർ ബോർഡ് തുറക്കുന്നതിനു മുൻപ് തന്നെ ഹൈദരാബാദിനു ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ അക്ഷത് റെഡ്ഡി (0)യെ പുറത്താക്കിയ ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. ആറാം ഓവറിലാണ് ആസിഫ് വിശ്വരൂപം പൂണ്ടത്. ഓവറിലെ രണ്ടാം പന്തിൽ തിലക് വർമ (1), നാലാം പന്തിൽ ബി സന്ദീപ് (0), അവസാന പന്തിൽ ക്യാപ്റ്റൻ അമ്പാട്ടി റായുഡു (0) എന്നിവരെ പുറത്താക്കിയ ആസിഫ് ഹൈദരാബാദിൻ്റെ മുൻ നിരയെ തകർത്തെറിഞ്ഞു

അഞ്ചാം വിക്കറ്റിൽ തന്മയ് അഗർവാളും (32), രോഹിത് റായുഡുവും (4) ചേർന്ന 29 റൺസ് കൂട്ടുകെട്ട് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയാണ്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 227 റൺസ് മാത്രമാണ് കേരളത്തിന് എടുക്കാനായത്. 7 ബാറ്റ്സ്മാന്മാർ കേരളത്തിനായി രണ്ടക്കം കടന്നെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല. 36 റൺസെടുത്ത സഞ്ജു സാംസണാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ഹൈദരാബാദിനായി അജയ് ദേവ് ഗൗഡ വിക്കറ്റുകൾ വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top