പരാജയ കാരണം ജോസ് കെ മാണിയുടെ ധാർഷ്ട്യവും ജോസ് ടോമിന്റെ നാക്കും: ജോസഫ് വിഭാഗം

പാലാ പരാജയ കാരണം ജോസ് കെ മാണിയുടെ ധാർഷ്ട്യവും ജോസ് ടോമിന്റെ നാക്കുമെന്ന് ജോസഫ് വിഭാഗം. ജോസ് കെ മാണി ജോസഫിനെ കൂക്കി വിളിക്കാൻ ആളെ ഏർപ്പെടുത്തി. ജോസഫിന്റെ സഹായവും വേണ്ട വോട്ടും വേണ്ട എന്ന ജോസ് ടോമിന്റെ ധിക്കാരപരമായ നിലപാടും തോൽവിക്ക് കാരണമായതായി ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ കുറ്റപ്പെടുത്തി.

ജോസ് ടോമിനും അവരുടെ നേതാവിനുമെതിരെ വലിയ ജനവികാരമാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്.പാലാ പരാജയ കാരണം ജോസ് കെ മാണിയുടെ ധാർഷ്ട്യവും ജോസ് ടോമിന്റെ നാക്കുമാണ്. ജോസ് ടോം പി.ജെ.ജോസഫിനെ തുടർച്ചയായി അപമാനിച്ചു. പി ജെ ജോസഫിനെ കണ്ട് സഹായമഭ്യർത്ഥിക്കാനുള്ള മര്യാദ ജോസ് ടോം കാണിച്ചില്ല. ജോസ് കെ മാണി ജോസഫിനെ കൂവി വിളിക്കാൻ ആളെ ഏർപ്പെടുത്തിയെന്നും സജി മഞ്ഞക്കടമ്പൻ ആരോപിച്ചു.

വളഞ്ഞ വഴിയിലൂടെ രണ്ടില ചിഹ്നം അടിച്ചുമാറ്റാൻ ശ്രമം നടന്നു. രണ്ടില ചിഹ്നം ചോദിച്ചു വാങ്ങേണ്ടെന്ന് ജോസ് ടോമിനെ ഒരു നേതാവ് വിലക്കി. പാർട്ടി പ്രചരണ പരിപാടികളിൽ നിന്നും തങ്ങളെ ഒഴിവാക്കിയെന്നും ഇക്കാര്യത്തിൽ തിരുവഞ്ചൂരിനോട് പരാതിപ്പെട്ടിരുന്നുവെന്നും ജോസഫ് പക്ഷം കുറ്റപ്പെടുത്തി.

അടുത്ത തെരഞ്ഞെടുപ്പിൽ കുടുംബത്തിൽ നിന്നൊരാളെ നിർത്താൻ വേണ്ടി ജോസ് ടോമിനെ ജോസ് കെ മാണി തോൽപ്പിച്ചതാണെന്നും പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയകാരണം യുഡിഎഫ് അന്വേഷിക്കണമെന്നും ജോസഫ് പക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top