വിജയ് ഹസാരെ: സഞ്ജുവും ഉത്തപ്പയും പുറത്ത്; കേരളം ബാക്ക് ഫൂട്ടിൽ

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിനു കാലിടറുന്നു. 24 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലാണ് കേരളം. വിനൂപ് മനോഹരൻ ഒഴികെ പിന്നാലെ ബാറ്റ് ചെയ്ത മൂന്നു പേരും രണ്ടക്കം കടന്നുവെങ്കിലും ഉയർന്ന സ്കോറിലേക്കെത്താനായില്ല.
ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിനൂപ് മനോഹരനെ പുറത്താക്കിയ മുഹമ്മദ് സിറാജ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചു. രണ്ടാം വിക്കറ്റിൽ എത്തിയ റോബിൻ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയൻ വിഷ്ണു വിനോദുമായി ചേർന്ന് ഇന്നിംഗ്സ് നയിച്ചു. രണ്ടാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു ശേഷം വിഷ്ണു (29) മടങ്ങി. ശേഷം സഞ്ജു ക്രീസിലെത്തി. വേഗത്തിൽ സ്കോർ ചെയ്ത സഞ്ജു മെല്ലെ കളി കേരളത്തിന് അനുകൂലമാക്കി. ഇതിനിടെ ഉത്തപ്പ (33) പുറത്തായി. സഞ്ജുവിനൊപ്പം മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഉത്തപ്പ കളം വിട്ടത്.
ഏറെ വൈകാതെ സഞ്ജുവും മടങ്ങി. 36 റൺസെടുത്ത സഞ്ജുവും പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. നിലവിൽ മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയും പൊന്നം രാഹുലുമാണ് ക്രീസിൽ.
കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാത്ത കേരളത്തിന് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here