സിനിമ വിടുമെന്ന തീരുമാനം സൈറ വസീം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു :ഫർഹാൻ അക്തർ

സിനിമ രംഗം വിടുമെന്ന തീരുമാനം സൈറ വസീം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ഫർഹാൻ അക്തർ. ഇറങ്ങാൻ പോകുന്ന ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന ചിത്രത്തിൽ ഫർഹാനാണ് സൈറയുടെ അച്ഛൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്.

 

ജൂലായിലാണ് സൈറ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

‘ഒരാൾക്ക് തന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. അത് തെറ്റാണോ ശരിയാണോ എന്ന് മറ്റുള്ളവർക്ക് പറയാനുള്ള അവകാശമില്ല. എന്നാലുംസൈറ തന്റെ തീരുമാനം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ ഫർഹാൻ പറഞ്ഞു.

ജൂലായിൽ ട്വിറ്ററിലിട്ട ഒരു ദീർഘമായ പോസ്റ്റിലൂടെയാണ് സൈറ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. അഭിനയം തന്റെ അള്ളാഹുവുമായ ബന്ധത്തിൽ ഉലച്ചിൽ തട്ടിച്ചുവെന്നും അവർ പറഞ്ഞിരുന്നു.

 

സിനിമയുടെ അന്താരാഷ്ട്ര പ്രദര്‍ശനം നടന്ന ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സൈറ വന്നിരുന്നില്ല. ചിത്രത്തിന്റെ മറ്റു പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുത്തിരുന്നില്ല.

2016ല്‍ ദംഗല്‍ സിനിമയിലൂടെ ബോളിവുഡിലെത്തിയ സൈറ അവസാനം അഭിനയിച്ച ചിത്രമാണ് ദ സ്‌കൈ ഈസ് പിങ്ക്. ഒക്ടോബര്‍ 11നാണ് സിനിമ റിലീസ് ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top