ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധി; പ്രതിമാസ നഷ്ടം 97ലക്ഷം രൂപ

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വായ്പയെടുത്ത ദേവസ്വം ബോർഡ് വരുത്തിവച്ചത് കോടികളുടെ അധിക ബാധ്യത. നിക്ഷേപം പണയപ്പെടുത്തി 35 കോടി വായ്പയെടുത്തതിലൂടെ ബോർഡിന് പ്രതിമാസം നഷ്ടം 97 ലക്ഷം രൂപയാണ്.
കരാറുകാർക്ക് നൽകാനായി കരുതൽ ധനം പണയപ്പെടുത്തി ദേവസ്വം ബോർഡ് വായ്പയെടുത്തതു ചട്ടങ്ങൾ ലംഘിച്ചാണ്. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്ത നിക്ഷേപമാണ് പണയപ്പെടുത്തിയത്.
കരാറുകാർക്ക് നൽകുന്നതിനായി 35 കോടി രൂപയുടെ നിക്ഷേപം പണയപ്പെടുത്തി ധനലക്ഷ്മി ബാങ്കിൽ നിന്നുമാണ് വായ്പയെടുത്തത്. ജനറൽ ഫണ്ടിൽ നിന്നും നീക്കിയിരുപ്പുള്ള 10 കോടിയും ബാങ്കിൽ നിന്നും വായ്്പയെടുത്ത 35 കോടിയും ചേർത്ത് 45 കോടി രൂപയാണ് കരാറുകാർക്ക് നൽകിയത്.
അതായത്, മൂന്നുമാസത്തെ കാലാവധിക്ക് നിക്ഷേപം പണയംവച്ചതിലൂടെ പ്രതിമാസം 97 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ബോർഡ് പ്രതിമാസം വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെടുത്ത വായ്പയ്ക്കാണ് ഇപ്പോൾ അധിക ബാധ്യത ഇത്രയധികം പണം നൽകേണ്ടി വരുന്നതെന്നതാണ് ഇതിലെ ആക്ഷേപം. ബോർഡിന്റെ നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് ഏഴ് ശതമാനം പലിശയാണ്. എന്നാൽ, വായ്പയെടുത്ത 35 കോടിക്ക് നൽകേണ്ട പലിശ 9.8 ശതമാനമാണ്.
മാത്രമല്ല, കരുതൽ നിക്ഷേപം പണയപ്പെടുത്താൻ അധികാരമില്ലെന്ന വ്യവസ്ഥ മറികടന്നായിരുന്നു ബോർഡിന്റെ തീരുമാനം. ഭൂമി വാങ്ങുന്നതിനോ ആസ്തി വർധിപ്പിക്കുന്നതിനോ പാട്ട വ്യവസ്ഥയിൽ ഭൂമി എടുക്കുന്നതിനോ മാത്രമേ ഈ പണം ഉപയോഗിക്കാവൂ എന്നാണ് ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ആക്ടിൽ പറയുന്നത്. ഈ നിക്ഷേപം കരാറുകാർക്ക് നൽകാനോ പണയപ്പെടുത്താനോ നിയമത്തിൽ വ്യവസ്ഥയില്ല. ഈ നിക്ഷേപമാണ് ചട്ടം ലംഘിച്ച് ധനലക്ഷ്മി ബാങ്കിലെ നന്ദൻകോട് ശാഖയിൽ പണയംവച്ചത്. സർക്കാരിൽ നിന്നുള്ള 30 കോടിയും ശബരിമല ലേല തുകയിനത്തിലുള്ള തുകയും ഈ മാസം ലഭിക്കുമെന്നിരിക്കെയാണ് ധൃതിപിടിച്ച് വായ്പയെടുക്കാൻ ബോർഡ് തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here