ലാൽ ജോസ്-ബിജു മേനോൻ-നിമിഷ സജയൻ ഒന്നിക്കുന്നു; നാല്പത്തിയൊന്ന് ടീസർ പുറത്ത്

ലാൽ ജോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം ‘നാല്പത്തിയൊന്നി’ൻ്റെ ടീസർ റിലീസായി. എൽജെ ഫിലിംസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടത്. ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിമിഷ സജയൻ, ബിജു മേനോൻ എനിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ഒപ്പം ലാൽ ജോസ് ചിത്രത്തിൽ ബിജു മേനോൻ നായകനാവുന്നതും ആദ്യമായാണ്. ലാൽ ജോസിൻ്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ നാല്പത്തിയൊന്നിൽ ഇവരെ കൂടാതെ ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിൻ്റെ തിരക്കഥ. കണ്ണൂരിലെ സാമൂഹ്യ ജീവിതം പശ്ചാത്തലമാകുന്ന സിനിമ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ശക്തമായ ഇടത് മനോഭാവമുള്ള രണ്ട് ആളുകൾ ശബരിമല തീർത്ഥാടനത്തിനു പോകുന്നതിനോട് അനുബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പുതുമുഖം പി.ജി. പ്രഗീഷാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ബിജിബാലാണ് സംഗീതസംവിധാനം. എഡിറ്റിങ് രഞ്ജൻ എബ്രഹാമും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കും. കോസ്റ്റ്യൂംസ് സമീറ സനീഷ്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here