Advertisement

സീറ്റ് വിഭജനത്തെ ചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി; സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് അശോക് തൻവാർ

October 2, 2019
Google News 0 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവാർ സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പക്ഷത്തിന് സീറ്റുകൾ നൽകുകയും പാർട്ടിയെ വിഭാഗീയതയിലേക്ക് തള്ളിയിടുകയുമാണ് ഹൈക്കമാൻഡ് ചെയ്തിരിക്കുന്നതെന്ന് അശോക് തൻവാർ അരോപിച്ചു.

വരുന്ന 21ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അശോക് തൻവാർ ഡൽഹിയിലെത്തി പരസ്യമായ പ്രതിഷേധമുയർത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡൽഹി പത്ത് ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലെത്തിയാണ് തൻവാർ പ്രതിഷേധമറിയിച്ചത്. അനുനായികൾക്കൊപ്പം എത്തിയ അദ്ദേഹം ഹൈക്കമാൻഡിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എല്ലാവരെയും ഒന്നിപ്പിച്ച് നിർത്തേണ്ട നേതൃത്വം വിഭാഗീയതക്കാണ് പ്രധാന്യം നൽകിയതെന്ന് തൻവർ പറഞ്ഞു.

അശോക് തൻവാറിനെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും മുഖ്യമന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭീഷണിക്ക് വഴങ്ങിയാണ് ഹൈക്കമാൻഡ് തൻവറിനെ മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലും പരിഗണന ലഭിക്കാതായതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ തൻവാർ തീരുമാനിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇപ്പോഴത്തെ പിസിസി അധ്യക്ഷ കുമാരി ഷെൽജയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും നേതാക്കളെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here