Advertisement

പാലാരിവട്ടം മേൽപാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടി

October 4, 2019
Google News 0 minutes Read

പാലാരിവട്ടംമേൽപാലം അഴിമതിയിൽ നിർണായക നീക്കവുമായി വിജിലൻസ്. കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കേസിൽ ഇതുവരെ നടന്നത് പൊതുവായ അന്വേഷണമാണെന്നും വിജിലൻസ് വ്യക്തമാക്കി.

പാലാരിവട്ടം മേൽപാലം അഴിമതിയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിനെതിരെ പ്രത്യേക അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. ഇബ്രാഹിം കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടിവരുമെന്നും വിജിലൻസ് വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമത്തിൽ വരുത്തിയ 2018ലെ ഭേതഗതി പ്രകാരമുള്ള അന്വേഷണം നടത്താനാണ് വിജിലൻസിന്റെ നീക്കം.

മുൻമന്ത്രിയെ പ്രതി ചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ വേണമെങ്കിൽ നിയമനാധികാരിയുടെ മുൻകൂർ അനുമതി വേണമെന്നാണ് ഭേദഗതി.
ഇത് പരിഗണിച്ചാണ് ഈ നീക്കം. മേൽപാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് വിജിലൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രീബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണ് കരാർ കമ്പനിയായ ആർഡിഎസിന് 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത്. ഇബ്രാഹിം കുഞ്ഞാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയതെന്നാണ് കേസിലെ പ്രതിയായ ടിഒ സൂരജിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്.

ടെൻഡറിലും ഗുരുതരമായ തിരിമറി നടന്നുമെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് മാസം പിന്നിട്ട്, നാല് പേരുടെ അറസ്റ്റും പൂർത്തിയാക്കിയ ശേഷമാണ് മുൻ മന്ത്രിക്കെതിരായ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടുന്നത്. മന്ത്രി, ആർബിഡിസികെ ചെയർമാൻ എന്നീ പദവികളിലിരുന്ന് ഇബ്രാഹിംകുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണ വിധേയമാക്കുക. ഇബ്രാഹിം കുഞ്ഞിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here