പാവറട്ടി കസ്റ്റഡി കൊലപാതകം; എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാവറട്ടി കസ്റ്റഡി കൊലപാതകക്കേസിൽ കുറ്റാരോപിതരായ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് എക്‌സൈസ് കമ്മീഷണർ നിർദേശം നൽകി.
തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ച സംഭവത്തിലാണ് നടപടി. രഞ്ജിത്ത് കുമാർ മരിച്ചത് മർദനമേറ്റാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവന്റീവ് ഓഫീസർമാരായ വിഎ ഉമ്മർ, എം ജി അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ എം മാധവൻ, വി എം സ്മിബിൻ , എം ഒ. ബെന്നി , മഹേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് എക്‌സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്.
വകുപ്പുതല അന്വേഷണത്തിനും ഉത്തരവിൽ നിർദേശമുണ്ട്. വീഴ്ചകളെ സംബന്ധിച്ച് എക്‌സൈസ് വിജിലൻസ് അന്വേഷിക്കും. എന്നാൽ പൊലീസ് കൊലക്കുറ്റം ചുമത്തിയ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വാഹനത്തിൽവച്ച് രഞ്ജിത്തിനെ മർദിച്ചത് ആരാണെന്ന് അന്വേഷണത്തിലൂടെയെ വ്യക്തമാകൂവെന്നാണ് പൊലീസ് നിലപാട്.
പൊലീസിന്റെ കസ്റ്റഡിയിലുള്ള എക്‌സൈസ് ജീപ്പിൽ ഫോറൻസിക് വിദഗ്ധർ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here