കൂടത്തായി കൂട്ടമരണം; ജോളിയുടെ അറസ്റ്റ് വൈകിട്ടോടെ; രണ്ടാം ഭർത്താവ് ഷാജുവും സയനൈഡ് എത്തിച്ച ബന്ധുവും കസ്റ്റഡിയിൽ

കൂടത്തായിയിൽ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയുടെ അറസ്റ്റ് വൈകിട്ടോടെ. ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ജോളി ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ, പിതാവ് സ്‌കറിയ, സയനൈഡ് എത്തിച്ച ബന്ധു മാത്യു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തു. ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കരുതി കൂട്ടിയുള്ള കൊലപാതകങ്ങളാണ് കൂടത്തായിയിലേതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ജോളിയുടെ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിച്ചു. സിലിയുടെ ഭർത്താവ് ഷാജു സ്‌കറിയക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച ജോളി അതിനായി ആറ് പേരേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ആട്ടിൻസൂപ്പിൽ സയനൈഡ് ചേർത്താണ് റോയിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുൻപ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിന് ശേഷം വ്യാജ ഒസ്യത്തെഴുതി കുടുംബത്തിന്റെ സ്വത്ത് മുഴുവൻ ജോളി കൈക്കലാക്കിയിരുന്നു. ഇതിൽ രണ്ടേക്കർ ഭൂമി വിറ്റു. ഇതിന്റെ പണം ചെലവാക്കിയ ഘട്ടത്തിലാണ് ബന്ധുക്കൾക്ക് ഉൾപ്പെടെ ജോളിയുടെ ഇടപെടലിൽ സംശയമുണ്ടായത്. പിന്നീട് താൻ ആഗ്രഹിച്ച പോലെ ഷാജുവിനെ ജോളി വിവാഹം കഴിക്കുകയും ചെയ്തു.
റോയിയുടെ സഹോദരൻ റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയർന്നുവരാനും അന്വേഷണം ശരിയായ ദിശയിൽ നീങ്ങാനും ഇടയായത്. അമേരിക്കയിൽ നിന്ന് കഴിഞ്ഞ മാസമാണ് റോജോ നാട്ടിലെത്തിയത്. താമരശേരി പൊലീസിൽ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ മരണങ്ങളുടെയെല്ലാം വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ഉൾപ്പെടെ ചേർത്ത് റൂറൽ എസ്പിക്ക് റോജോ പരാതി നൽകി. വടകര എസ്പിയായി കെ ജി സൈമൺ ചാർജ് എടുത്തതോടെ കേസിന് വീണ്ടും ജീവൻവച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തെളിവുകളെ ഒരുമിച്ച് ചേർത്തുള്ള അന്വേഷണമാണ് പിന്നീട് നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here