‘ജോളി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു’; വെളിപ്പെടുത്തലുമായി പിതാവ് ജോസഫ്

കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പിതാവ് ജോസഫ് രംഗത്ത്. ജോളിയുടെ മുൻ ഭർത്താവ് റോയിയുടെ സഹോദരൻ റോജോയുമായി സ്വത്ത് തർക്കമുണ്ടായിരുന്നു. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അറിയുന്നത് വാർത്തയിലൂടെയാണെന്നും ജോസഫ് പറഞ്ഞു.
കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവരണം. മരണങ്ങളിൽ സംശയം തോന്നിയിരുന്നില്ല. ജോളി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ജോളിയുടെ മക്കളെ പഠിപ്പിക്കുന്നത് താനാണെന്നും രണ്ടാഴ്ച മുൻപ് അവർ വീട്ടിൽ വന്നിരുന്നുവെന്നും ജോസഫ് പറഞ്ഞു. അതേസമയം, കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു, മാത്യുവിന്റെ സുഹൃത്ത് സ്വർണപണിക്കാരനായ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.
ഇന്ന് രാവിലെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ജോളിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തള്ളി ഷാജു തന്നെ രംഗത്തെത്തിയിരുന്നു. ജോളിയെ ഷാജു തള്ളിപറയുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here