‘വള്ളം കളിയെപ്പറ്റിയാണ് പറയാനുള്ളത്; ഒരു മാഗ്നം ഓപ്പസ് വർക്കിന്റെ പണിപ്പുരയിലാണ്’: അരുൺ ജോസഫുമായുള്ള പ്രത്യേക അഭിമുഖം

റോഡ് റീൽ മത്സരത്തെപ്പറ്റി?

റോഡ് എന്നാൽ അതൊരു ഓഡിയോ എക്വിപ്മെൻ്റ് കമ്പനിയാണ്. ഓസ്ട്രേലിയൻ ബേസ്ഡ് ആയിട്ടുള്ള കമ്പനിയാണ്. കമ്പനി 2014 മുതൽ നടത്തുന്ന മത്സരമാണ് റോഡ് റീൽ. ലോകത്തിലെ ഏറ്റവും വലിയ മത്സരമാണിത്. ഏറ്റവുമധികം രാജ്യങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഏഷ്യയിൽ നിന്ന് ആരും ഇതുവരെ അതിൻ്റെ ടൈറ്റിൽ വിന്നറായിട്ടില്ല. ആ നേട്ടമാണ് ഇപ്പോൾ സ്പിരിറ്റ് ഓഫ് കേരളയ്ക്ക് ലഭിച്ചത്.

മത്സരത്തിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. മൊബൈൽ ഫോണുപയോഗിച്ച് എടുത്ത വർക്കുകൾക്ക് പോലും ഇതിൽ മത്സരിക്കാം. ക്രിയേറ്റിവിറ്റി മാത്രമാണ് അവർ നോക്കുന്നത്. ഇതിനു മുൻപ്, കഴിഞ്ഞ കൊല്ലം ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ, അന്നത് സാധിച്ചില്ല. ഇക്കൊല്ലം എൻട്രി അയക്കാൻ സാധിച്ചു.

മത്സരാർത്ഥികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള ഫെസ്റ്റിവലാണ് റോഡ് റീൽ. ആകെ 1680 എൻട്രികളാണ് ഇക്കൊല്ലം ഉണ്ടായിരുന്നത്. അതും ഫിൽട്ടർ ചെയ്ത് വരുന്നതാണ്. അതിൽ നിന്നാണ് സ്പിരിറ്റ് ഓഫ് കേരള ഒന്നാമത് എത്തിയത്. പീപ്പിൾ ചോയിസ് അവാർഡ് എന്ന വിഭാഗത്തിലാണ് നമ്മൾ ചാമ്പ്യന്മാരായത്. മേജർ കാറ്റഗറികളിൽ പെട്ട ഒന്നാണ് പീപ്പിൾ ചോയിസ് അവാർഡ്. അതിലാണ് നമ്മൾ ജയിച്ചത്.

വള്ളം കളി വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്. അപ്പോൾ ഇന്നു വരെ ആരും കണ്ടിട്ടില്ലാത്ത തരത്തിൽ വള്ളം കളി അവതരിപ്പിക്കണമെന്ന് തോന്നി. അങ്ങനെ സംഭവിച്ചതാണ് സ്പിരിറ്റ് ഓഫ് കേരള.

ഇതിനു മുൻപ് കേരളത്തിൽ നിന്ന് റോഡ് റീലിലേക്ക് എൻട്രി പോയിട്ടില്ലേ?

കേരളത്തിൽ നിന്ന് എൻട്രികൾ ഇതിനു മുൻപ് പോയതായി അറിവില്ല. ഇക്കൊല്ലം ഇന്ത്യയിൽ നിന്ന് ഒരുപാട് എൻട്രികൾ ഉണ്ടായിരുന്നു. പക്ഷേ, ഭാഗ്യമെന്നു പറയട്ടെ, ലോകത്തിൽ തന്നെ ഒന്നാമതെത്താൻ നമുക്ക് സാധിച്ചു.

സ്പിരിറ്റ് ഓഫ് കേരളയിലേക്കുള്ള യാത്ര? അതിനു വേണ്ടി എടുത്ത എഫർട്ട്?

രണ്ട് മാസത്തോളം ഈ വർക്കിൻ്റെ പണിപ്പുരയിലായിരുന്നു. സാധാരണ വള്ളം കളി എന്നാൽ വളരെ ഫാസ്റ്റായിട്ടുള്ളതാണ്. റഷസ് ചേർത്ത് എനർജി കൊടുക്കുക എന്നതാണ് ഇതു വരെ വള്ളം കളിയിൽ സിനിമ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ടീം സ്പോർട് എന്നതാണ് വള്ളം കളിയെപ്പറ്റിയുള്ള എൻ്റെ കാഴ്ചപ്പാട്. അവർക്കൊരു ട്രിബ്യൂട്ട് എന്നതായിരുന്നു ലക്ഷ്യം. വള്ളം തുഴച്ചിൽക്കാരെ പോരാളികളായാണ് അവതരിപ്പിച്ചത്.

ഇതിപ്പോ ഷൂട്ട് ചെയ്യാമെന്നു കരുതി ചെയ്തതല്ല. കുമരകം മുത്തേരിമടയിൽ ഒരു വള്ളം കളിയുണ്ട്. ഒരു മിനി നെഹ്റു ട്രോഫി. അവിടത്തുകാർ മാത്രം വരുന്ന ഒരു മത്സരമാണത്. ഗംഭീര വൈബാണ് അവിടെ. അത് തന്നെ കുറച്ച് ഷൂട്ട് ചെയ്തു. പിന്നെ വള്ളം കളിയുടെ ട്രയൽസ് ഷൂട്ട് ചെയ്തു. സെൻ്റ് പയസ് എന്ന വള്ളത്തിലാണ് നമ്മൾ ഷൂട്ട് ചെയ്തത്. അവിടത്തെ ചേട്ടന്മാർ നല്ല സഹകരണമായിരുന്നു. നെഹ്റു ട്രോഫി ഷൂട്ട് ചെയ്യാൻ പരിമിതികളുണ്ട്. അതിൻ്റെ ഒരു പ്രതീതി നൽകാൻ ശ്രമിച്ചതാണ്.

ഓഡിയോയുടെ ടൈപ്പ് കാസ്റ്റിംഗ് മാറ്റി നിർത്തി വള്ളം കളിയുടെ റോ സൗണ്ടുകളാണ് ഉപയോഗിച്ചത്. ഇത് ചെയ്തത് വള്ളം കളിയുമായി ബന്ധമുള്ളവർക്ക്, ഒരിക്കലും ആ സ്പോർട് കണ്ടവർക്കൊക്കെ വേണ്ടിയാണ്. കാരണം, അതിൻ്റെ ഫീൽ അവർക്കേ മനസ്സിലാവൂ എന്നായിരുന്നു എൻ്റെ ചിന്ത. പക്ഷേ, അല്ലാത്തവർക്കും മനസ്സിലായി. വള്ളം തുഴയുന്നവരുടെ റോ സൗണ്ടുകൾ ഞങ്ങൾ പിടിച്ചെടുത്തു. പിന്നീട് ചെന്നൈയിൽ എആർ റഹ്മാൻ്റെ കെഎം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശാന്ത് മുരുഗാനന്ദമാണ് സൗണ്ട് മിക്സിംഗ് നടത്തിയത്. വിഷ്വലിനു കൊടുത്തതിൻ്റെ മൂന്നു മടങ്ങ് പ്രാധാന്യം ഞങ്ങൾ സൗണ്ടിനു കൊടുത്തു.

വള്ളം കളിക്കാർ കുറേ പേർ വളരെ വൈകാരികമായി പ്രതികരിച്ചിരുന്നു. അതൊക്കെ കേൾക്കുമ്പോ അഭിമാനമാണ്. പുറത്തുള്ളവരൊക്കെ നല്ല വർക്കെന്ന് പറയുമ്പോൾ സന്തോഷമാണ്. പക്ഷേ, വള്ളം കളിക്കാർ പറയുമ്പോ അഭിമാനമാണ്. അവരെ മുന്നിൽ കണ്ടാണ് ഇത് ചെയ്തത്. ഇതുവരെ ചെയ്തതിൽ വൈകാരികമായി ഏറെ ഇടപഴകിയ ഒരു വർക്കാണ് ഇത്.

ഹ്യൂമൻസ് ഓഫ് കേരള എന്ന യൂട്യൂബ് ചാനലിലാണ് സ്പിരിറ്റ് ഓഫ് കേരള അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇനി ടൂറിസവുമായി ബന്ധപ്പെട്ട വർക്കുകളൊക്കെ അതിൽ വന്നു തുടങ്ങും. അതിൻ്റെ ഒരു തുടക്കമാണിത്.

സിനിമാ മേഖലയിൽ അരുൺ ജോസഫിൻ്റെ യാത്ര എങ്ങനെയായിരുന്നു? ഫിലിം ഫെറിയെപ്പറ്റി?

ഫിലിം ഫെറിയെപ്പറ്റി സംസാരിച്ചത് തന്നെ സന്തോഷം. ഫിലിം ഫെറി എൻ്റെ ബ്രെയിൻ ചൈൽഡാണ്. സിനിമ ആഗ്രഹിച്ച് വർഷങ്ങളോളം അലഞ്ഞ എനിക്ക് സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കാൻ സാധിച്ചില്ല. അതല്ലെങ്കിൽ മറ്റുള്ളവർക്ക് ഗുണപ്പെടുന്ന രീതിയിൽ ആരും ഒന്നും ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നി. അതിൽ നിന്നാണ് ഫിലിം ഫെറി വന്നത്. ഇതിപ്പോ ഒരുപാട് സ്ഥലത്ത് യൂണിറ്റുകളും ആളുകളുമുണ്ട്. ഫിലിം ഫെറിയുടെ ടാഗ് ലൈൻ ‘റീഡിഫൈനിംഗ് ഫിലിം മേക്കിംഗ് ആൻഡ് ലേണിംഗ്’ എന്നാണ്. ആ പേരിൽ തന്നെയുണ്ട്. ഫെറിയിംഗ് അക്രോസ് എന്നാണ് നമ്മുടെ കൺസപ്റ്റ്. സിനിമ ചെയ്യാനാഗ്രഹിക്കുന്നവരെ അതിൻ്റെ ടെക്നിക്കൽ വശങ്ങളെയും മറ്റ് കാര്യങ്ങളെയും പറ്റി പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ ഇറങ്ങിയതിനു ശേഷമുള്ളതല്ല, സിനിമ ഇറക്കാനുള്ള ചർച്ചകളാണ് ഫിലിം ഫെറിയിലുള്ളത്.

മുൻപ് സിനിമാ മോഹവുമായി നടന്നപ്പോഴുണ്ടായ അനുഭവങ്ങൾ? വാക്ക് പറഞ്ഞിട്ട് മാറ്റിയ അവസരങ്ങൾ?

ഉണ്ട്. കപിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ചിലതുണ്ട്. പക്ഷേ, ഞാൻ അത് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. നെഗറ്റിവിറ്റിയല്ല, പോസിറ്റിവിറ്റിയെപ്പറ്റിയാണ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ലെറ്റ് ദ റിസൽട്ട് സ്പീക്ക് എന്നാണ്.

ഭാവിയിലേക്കുള്ള വർക്കുകൾ?

ചില തിരക്കഥകൾ പൂർത്തിയായിട്ടുണ്ട്. അതിൻ്റെ വർക്കുകൾ നടക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സിൻ്റെ ഭാഗമാകാൻ സാധിച്ചു. സിനിമയാണല്ലോ. ഒന്നും പറയാൻ പറ്റില്ല. എല്ലാം സംഭവിക്കുമായിരിക്കുമെന്നാണ് പ്രതീക്ഷ. പിന്നെ, ഉടനെ ചെയ്യാൻ പോകുന്നൊരു വർക്കിൽ വലിയ പ്രതീക്ഷയുണ്ട്. മാസങ്ങളുടെ പ്രീ പ്രൊഡക്ഷനാണ് അതിനു വേണ്ടത്. അതിൻ്റെ ചർച്ചകൾ നടക്കുകയാണ്. അത് മലയാളികൾ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു വർക്കായിരിക്കും. ഒരു ഫീച്ചർ സിനിമയോട് അടുത്തു നിൽക്കുന്ന വർക്ക് ആയിരിക്കും. ബഡ്ജറ്റ് ഏതാണ്ട് ആയിട്ടുണ്ട്. കുറച്ചു കൂടി ഉണ്ടെങ്കിൽ ക്വാളിറ്റി മേക്കിംഗ് നടക്കും. ഈ ക്രൂ തന്നെ ആയിരിക്കും. എന്തായാലും വർക്ക് ഇറങ്ങുന്ന സമയത്ത് കാണാം.

പിന്നെ, വള്ളം കളിയെപ്പറ്റി ഒരു സിനിമ ചെയ്യണമെന്നുണ്ട്. വള്ളം കളി പ്രമേയമാക്കി സിനിമ തിരക്കഥ തയ്യാറായിട്ടുണ്ട്. അത് സിനിമയാക്കണമെന്നുണ്ട്. ഈ സ്ക്രിപ്റ്റുമായി മുൻപ് പലരെയും കണ്ടെങ്കിലും വെളിച്ചം കണ്ടില്ല. ഇനി കുറച്ചു കൂടി അവസരം ലഭിച്ചേക്കും. ഇനി ആ സിനിമാ സ്ക്രിപ്റ്റുമായി മുന്നോട്ടു പോകാമെന്ന് കരുതുന്നു. ആളുകളൊക്കെ അറിഞ്ഞു തുടങ്ങിയല്ലോ. അത് പതിയെ ആനെങ്കിലും സംഭവിക്കും. ഒരു മാഗ്നം ഓപ്പസ് വർക്ക് ആയിരിക്കണം എന്നുണ്ട്. അതിനു വേണ്ടിയുള്ള പഠനത്തിൻ്റെ ഇടയിൽ സംഭവിച്ചതാണ് സ്പിരിറ്റ് ഓഫ് കേരള.

ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെപ്പറ്റി പറഞ്ഞിരുന്നല്ലോ. അതിനെപ്പറ്റി?

ദി ഫ്രുഗൽ ഫിലിം മേക്കർ എന്നൊരു കൂട്ടമുണ്ട്. അത് ഒരു പ്ലാറ്റ്ഫോമാണ്. ഫ്രുഗൽ എന്നാൽ ചീപ്പ് (വിലകുറഞ്ഞത്/നിസ്സാരം). എൻ്റെ ഈ കൺസപ്റ്റ് അവരിൽ നിന്നാണ് ഉണ്ടായത്. ഫ്രുഗിൽ ഫിലിം മേക്കേഴ്സ് എന്നാൽ സിനിമ പിടിക്കാൻ ആഗ്രഹമുള്ളവർ ചോദിക്കുന്ന സംശയങ്ങൾക്ക് അതേപ്പറ്റി അറിവുള്ളവർ മറുപടി നൽകുന്നു എന്നതാണ്. ചിലപ്പോ ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഒരു ഹോളിവുഡ് ക്യാമറമാനാവും മറുപടി നൽകുക. അവിടെ നിന്ന് ഒരുപാട് പ്രൊഡക്ടുകൾ ഉണ്ടാവുന്നുണ്ട്. ഇതുപോളെ കുറേ ഗ്രൂപ്പുകളുണ്ട്. അതുപോലൊന്ന് കേരളത്തിൽ എന്തുകൊണ്ട് വന്നു കൂടാ എന്ന ചിന്തയിൽ നിന്നാണ് ഇതുണ്ടാവുന്നത്. അത്തരത്തിൽ ഒരു പ്ലാറ്റ്ഫോം എന്തായാലും ചെയ്യും. കേരളത്തിലെ സിനിമാ മോഹികൾക്ക് അതൊരു ഉത്തരമാകുമെന്ന് ഉറപ്പുണ്ട്. ഇത് വായിക്കുന്നവരിൽ സിനിമാ പിടുത്തത്തെപ്പറ്റി അറിവുള്ളവർ അത്തരത്തിലും സിനിമാ പിടുത്തത്തെപ്പറ്റി അറിയേണ്ടവർ അത്തരത്തിലും സഹകരിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്.

സമീപഭാവിയിൽ തന്നെ പാത് ബ്രേക്കിംഗായ ഒരു വർക്ക് താങ്കൾ ചെയ്യുമെന്ന് വിശ്വസിക്കാമല്ലോ?

ആ, വിശ്വസിച്ചോ. (ചിരി). ഈ വർക്കിൽ തന്നെ പ്രശാന്ത് മുരുഗാനന്ദം, വൈശാഖ് മുരളീധരൻ എന്നിവരാണ് ശബ്ദമിശ്രണത്തിൽ ഏറെ എഫർട്ടെടുത്തത്. ഇത് കാണുന്നവർ ഹെഡ് സെറ്റ് വെച്ചു തന്നെ കാണണമെന്നാണ് പറയാനുള്ളത്. അതിനൊക്കെ വേണ്ടിയാണ് ഈ വർക്ക് ഇത്ര സമയമെടുത്തത്. അവരുമായി ഇനിയും കുറേ വർക്ക് ചെയ്യണമെന്നുണ്ട്. ചെന്നൈ എആർ റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് പ്രശാന്ത്.

ഇത്രയും കഷ്ടപ്പെട്ട് ഒരു വർക്ക് ചെയ്തിട്ട് അത് മലയാളികളിലേക്ക് എത്തിക്കാൻ സാധിക്കാതിരുന്നപ്പോൾ ഒരുപാട് സോഷ്യൽ മീഡിയ കൂട്ടായ്മകൾ സഹായഹസ്തവുമായി വന്നിട്ടുണ്ട്. വള്ളം കളിയുമായി ബന്ധപ്പെട്ട ഒരുപാട് ഗ്രൂപ്പുകൾ. അതിനെക്കാളുപരി പറയേണ്ടത് ജിഎൻപിസിയെപ്പറ്റിയാണ്. അവർ തന്ന പിന്തുണ വളരെ വലുതാണ്. ടോപ്പ് ആറാം സ്ഥാനത്തൊക്കെ വന്നപ്പോഴാണ് ജിഎൻപിസി ഇത് ഏറ്റെടുത്തത്. അപ്പോൾ അമേരിക്ക, ബെൽജിയം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ വർക്കുകളോടായിരുന്നു നമ്മുടെ മത്സരം. അവരെ മറികടക്കാൻ ജിഎൻപിസി ഒരുപാട് സഹായിച്ചു.

പുതിയ വർക്കുകളിൽ ക്രിയേറ്റിവായ ആൾക്കാരെ തേടുന്നുണ്ട്. ഏതാണ്ട് എൺപതോളം പേർ പന്തം കത്തിച്ച് മലയിൽ നിൽക്കുന്ന ഒരു ഷോട്ടുണ്ട്. അതിനൊക്കെ ആളുകൾ വേണം. താത്പര്യമുള്ളവർക്ക് വരാം. താത്പര്യമുള്ളവർ മാത്രം മതി. പിന്നെ അതിൻ്റെ പ്രൊഡക്ഷനായി 3 ലക്ഷം രൂപയാണ് ഇതുവരെ ആയിട്ടുണ്ട്. നാല് ലക്ഷം കൂടി ഇനിയും ഉണ്ടാവണം. ആ വർക്കിലേക്കുള്ള എക്സ്പോഷർ കിട്ടാനാണ് സ്പിരിറ്റ് ഓഫ് കേരള ചെയ്തത്. നല്ല ചിലവുള്ള വർക്കാണ്. പക്ഷേ, നല്ല വർക്കായിരിക്കും.

ഷൂട്ടിംഗിനിടെ ക്യാമറ വെള്ളത്തിൽ പോയെന്ന് കേട്ടല്ലോ. അതിനെപ്പറ്റി?

(സ്പിരിറ്റ് ഓഫ് കേരളയുടെ ക്യാമറമാൻ അർജുനൻ പറയുന്നു). രണ്ട് ക്യാമറകളിൽ ഒന്ന് ഞാനും മറ്റൊന്ന് ഡയറക്ടർ അരുണുമാണ് ഉപയോഗിച്ചത്. ക്ലോസ് ഷോട്ട് കിട്ടാനായി അരുൺ അത് വള്ളക്കാരുടെ അടുത്തേക്ക് പിടിച്ചതാണ്. അവരുടെ കൈ തട്ടി വെള്ളത്തിൽ വീണു. അത് വാടകയ്ക്ക് എടുത്തതായിരുന്നു. അതിനു പകരം ഒരെണ്ണം വാങ്ങി നൽകിയിട്ട് വേറൊരെണ്ണം വാടകയ്ക്ക് എടുത്തു.

നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ?

ഞാൻ കഷ്ടപ്പെട്ടതിനെക്കാൾ കൂടുതൽ അരുൺ നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ട്. നെഹ്റു ട്രോഫിയിൽ ഒരു ദിവസം കൊണ്ട് ഇത്രയധികം വിഷ്വലുകൾ കിട്ടില്ല. മീഡിയാസിനൊക്കെ കേറി നിന്ന് എടുക്കാം. പക്ഷേ, ഞങ്ങൾക്കെങ്ങനെ സാധിക്കാനാണ്. വള്ളം കളി പ്രാക്ടീസ് ചെയുന്ന സ്ഥലങ്ങളൊക്കെ ലിസ്റ്റിട്ടിട്ട് അവിടെ നിന്ന് ഷൂട്ട് ചെയ്യാമെന്ന് നോക്കിയാണ് ഷൂട്ട് ചെയ്തത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ട് നടന്നു.

ഇതിൽ ക്യാമറമാനെന്ന നിലയിൽ എൻ്റെ സന്തോഷം വളരെ അവിചാരിതമായി ഒരു അപൂർവ ദൃശ്യം ലഭിച്ചു. തുഴക്കാർ തുഴ പരസ്പരം കൈമാറുന്ന ഒരു ഷോട്ടുണ്ട് അതിൽ. അതിൻ്റെ ഫോട്ടോസോ ക്ലിപ്പോ കിട്ടുന്നത് വള്ളം കളിക്കാരെ സംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണ്. എപ്പഴാണ് അവർ തുഴ മാറുന്നതെന്ന് നമുക്കറിയില്ല. ഷൂട്ട് ചെയ്ത വിഷ്വൽ നോക്കി എന്തെങ്കിലും അടയാളം നൽകിയാണോ ഇവർ തുഴ കൈമാറുന്നതെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഒന്നുമില്ല. തുഴഞ്ഞു വരുന്നതിനിടയിൽ പെട്ടെന്ന് മാറ്റുകയാണ്. അത് ടൈമിംഗും കൃത്യമായിരിക്കും. ആ ഷോട്ട് വളരെ സ്പെഷ്യലായിരുന്നു. ഇത്തരം ഒരു ഷോട്ട് അധികം ആർക്കും കിട്ടിയിട്ടില്ല. ഭാഗ്യമുണ്ടായിരുന്നു. കിട്ടി.

കാസ്റ്റ് ആൻഡ് ക്രൂ:
തിരക്കഥ, സംവിധാനം, നിർമ്മാണം- അരുൺ ജോസഫ്
ഡിഓപി, എഡിറ്റിംഗ്, കളർ- അർജുനൻ
ക്യാമറ- ഡാനിഷ് മക്കൻസി, ജെയിസ് കാവുംവാതിൽക്കൽ
ടെക്നിക്കൽ ഡയറക്ടർ- ഗോകുൽ
അണ്ടർവാറ്റർ ക്യാമറ, ക്രിയേറ്റിവ് ഡയറക്ടർ- കെവിൻ
ആഷിക് പി- അസിസ്റ്റൻ്റ് ഡയറക്ടർ
ഡ്രോൺ ക്യാമറ- മിഥുൻ ഡ്രോണ, ജിത്തു ആലപ്പി, ചാർലി കെസി
മ്യൂസിക്- വൈശാഖ് മുരളീധരൻ, അശ്വിൻ റാം
സൗണ്ട് ഡിസൈനർ, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ്-പ്രശാന്ത് മുരുഗാനന്ദം
സ്റ്റിൽസ്- കിരൺ ലൈറ്റ് പെയിൻ്റർ, വിഷ്ണു രാജ്
അഭിനേതാക്കൾ- വിഷ്ണു ലാൽ, സുമേഷ് മാധവൻ, അനീഷ് കെഎസ്, അഖിൽ ജോസഫ്, ജോയൽ മൈക്കിൾ
ബിടിഎസ് സപ്പോർട്ട്- ജോയൽ യേശുദാസ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top