‘സിലിയുടെ മരണം ഷാജുവിന് നേരത്തേ അറിയാമായിരുന്നു; കുഞ്ഞിന്റെ മരണത്തിൽ പോലും അയാൾ ദുഃഖിതനായിരുന്നില്ല’

കൂടത്തായിയിലെ സിലിയുടെ മരണം ഭർത്താവ് ഷാജു സ്‌കറിയക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് ജോളി-റോയി ദമ്പതികളുടെ മകൻ റോമോ റോയി.
അമ്മ ജോളിയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. അമ്മയും രണ്ടാനച്ഛനും ഇക്കാര്യം സംസാരിച്ചിരുന്നു. സിലി അത് ചെയ്യുമെന്ന് അറിയാമായിരുന്നുവെന്നാണ് രണ്ടാനച്ഛൻ അമ്മയോട് പറഞ്ഞിരുന്നതെന്നും റോമോ പറഞ്ഞു. രണ്ട് വയസുകാരിയായ മകൾ മരിച്ച സംഭവത്തിലും അയാൾക്ക് ദുഃഖമുണ്ടായിരുന്നില്ലെന്നും റോമോ പറഞ്ഞു.
അച്ഛനുണ്ടായിരുന്നപ്പോൾ വീട്ടിൽ വന്നിട്ടില്ലെന്ന ഷാജുവിന്റെ ആരോപണം തെറ്റാണെന്നും റോമോ പറഞ്ഞു. അദ്ദേഹം വീട്ടിൽ വന്നിരുന്നു. നിരവധി തവണ വന്നിരുന്നോ എന്ന് പറയാൻ സാധിക്കില്ല. അന്ന് താൻ ചെറുപ്പമായിരുന്നു. വന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടെന്നും റോമോ പറഞ്ഞു. അമ്മയും മുത്തച്ഛൻ ടോം തോമസുമായി നല്ല ബന്ധമായിരുന്നു. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി തോന്നിയില്ല. അമ്മ ഡ്രൈംവിംഗ് പഠിക്കുമ്പോൾ അച്ഛനേക്കാൾ സഹായിച്ചത് മുത്തച്ഛനായിരുന്നുവെന്നും റോമോ വ്യക്തമാക്കി.
രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. അച്ഛൻ തങ്ങളെ പുറത്തുകൊണ്ടുപോകുമായിരുന്നു. അതുപോലെയൊന്നും ഷാജു ചെയ്യില്ലെന്ന് അറിയാമായിരുന്നു. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്നു കരുതി രണ്ടാനച്ഛനെ സമ്മതിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തിൽ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും റോമോ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here