കൂടത്തായി കൊലപാതകം; ഒസ്യത്തിൽ ഒപ്പിട്ടവർക്ക് നേട്ടമുണ്ടായോ എന്ന് പരിശോധിക്കും

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി പട്ടിക നീളാൻ സാധ്യത. ഒസ്യത്തിൽ ഒപ്പിട്ടവർക്ക് നേട്ടമുണ്ടായോ എന്ന് വിശദമായി പരിശോധിക്കും. അതിന് നിയമോപദേശം ലഭിച്ചു. ജോളിയുമായി പല ഘട്ടങ്ങളിൽ ഫോൺ വഴിയും, അല്ലാതെയും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചവരെ ഉടൻ ചോദ്യം ചെയ്യും.
റിമാന്റിലുള്ള 3 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ബുധനാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. പ്രതി പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെടാനാണ് സാധ്യത എന്നാണ് സൂചന. ഒസ്യത്തിൽ ഒപ്പിട്ടവർക്ക് നേട്ടമുണ്ടായോ എന്നും ഭൂമി ഇടപാടിൽ കൂടുതൽ പേരുടെ പങ്കും അന്വേഷിക്കും. അതേസമയം കൂടത്തായിയിലെ മൂന്ന് പ്രദേശിക നേതാക്കളെ അടുത്ത ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൂടാതെ ജോളിയുടെ ഒരു വർഷത്തെ ഫോൺ കോളിന്റെ വിശദാശങ്ങളുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയ ഏഴ് പേരെയും ചോദ്യം ചെയ്യും. ഇതിന് പുറമെ എൻഐടി ക്യാംപസിൽ എത്തി അന്വേഷണ സംഘം പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പസിൽ ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന് മൊഴി നൽകിയതായാണ് സൂചന. എന്നാൽ എൻഐടിയിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചതാരെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here