‘അച്ഛന്റെ മരണത്തിന് പിന്നിൽ ജോളി’; ഗുരുതര ആരോപണവുമായി കോഴിക്കോട് സ്വദേശി രോഹിത്

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേരുടെ കൊലപാതകതത്തിന് പിന്നാലെ മറ്റൊരു മരണത്തിന് പിന്നിലും ജോളിയെന്ന് ആരോപണം. കോഴിക്കോട് എൻഐടിയ്ക്കടുത്തുള്ള മണ്ണിലേടത്തിൽ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. അച്ഛന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് രാമകൃഷ്ണന്റെ മകൻ രോഹിത് പറഞ്ഞു.
ജോളിയുമായി അച്ഛന് നേരിട്ട് ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് രോഹിത് പറഞ്ഞു. പക്ഷേ ജോളിയുടെ സുഹൃത്തും മുക്കത്തെ ബ്യൂട്ടി പാർലർ ഉടമയുമായ സുലേഖയും ഭർത്താവ് മജീദുമായി രാമകൃഷ്ണന് അടുത്ത ബന്ധമുണ്ടായിരുന്നു. 2016ലാണ് രാമകൃഷ്ണൻ മരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ കുഴഞ്ഞു വീണായിരുന്നു മരണം. രണ്ടാഴ്ച മുമ്പ് പൊലീസ് ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോളാണ് മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന സംശയം വന്നതെന്നും രോഹിത് വ്യക്തമാക്കി.
Read also: ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് കൊന്നത് 32 യുവതികളെ; ‘സയനൈഡ് മോഹൻ’ എന്ന സീരിയൽ കില്ലർ
ഭൂമി കച്ചവടവുമായി ബന്ധപെട്ട് അച്ഛൻ വഞ്ചിതനായെന്നും കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ കാണാതായെന്നും രോഹിത് പറയുന്നു. രാമകൃഷ്ണനും സുലേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ജോളിയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. അതേസമയം, തന്റെ പാർലറിലെ കസ്റ്റമർ മാത്രമാണ് ജോളിയെന്നും ജോളിയുമായും രാമകൃഷ്ണനുമായും യാതൊരു സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും സുലേഖ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here