Advertisement

ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് കൊന്നത് 32 യുവതികളെ; ‘സയനൈഡ് മോഹൻ’ എന്ന സീരിയൽ കില്ലർ

October 7, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളഴിഞ്ഞതിന് പിന്നാലെ മോഹൻ കുമാർ എന്ന സ്‌കൂൾ അധ്യാപകൻ നിരപരാധികളായ 32 ഓളം യുവതികളെ കൊന്നു തള്ളിയ സംഭവം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഗർഭനിരോധന ഗുളികയിൽ സയനൈഡ് ചേർത്ത് നൽകിയാണ് മോഹൻ കുമാർ യുവതികളെ കൊന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവതികളുടെ സ്വർണവുമായി മോഹൻ കുമാർ കടന്നു കളയും. വർഷങ്ങൾ വേണ്ടി വന്നു പൊലീസിന് മോഹൻ കുമാറിനെ വലയിലാക്കാൻ.

തുടക്കം

2003 നും 2009 നുമിടയിൽ ദക്ഷിണ കർണാടകയിലെ പല പട്ടണങ്ങളിൽ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഭൂരിഭാഗം പേരും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തത് പട്ടണത്തിലെ ബസ് സ്റ്റാൻഡിലെ ശുചിമുറികൾക്ക് ഉള്ളിൽ നിന്നായിരുന്നു. അകത്ത് നിന്ന് കുറ്റിയിട്ടതിനാൽ വാതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്ത്രീകൾ ധരിച്ചിരുന്നതാകട്ടെ പട്ടുസാരി. ഒരു ജഡത്തിലും ആഭരണങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി. പോസ്റ്റുമോർട്ടം ഫലം പോലും ഒന്ന്. എല്ലാ സ്ത്രീകളും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്ന്.

അനിത ബാരിമാർ കൊല്ലപ്പെട്ടതോടെ അന്വേഷണം ചൂടുപിടിക്കുന്നു

സമാനതകളുള്ള ഇരുപതോളം മരണങ്ങളായിരുന്നിട്ടും പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ആറ് വർഷത്തോളം പൊലീസ് അതേപ്പറ്റി അന്വേഷിച്ചില്ല. പത്തൊമ്പതാമത്തെ ഇര അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്. അതിന് കാരണമാകുന്നത് ഒരു വർഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലീം യുവാവുമായാണ് എന്നാരോപിച്ച് സംഭവം ലഹളയുടെ വക്കിലെത്തി. പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഭീഷണി ഉയർന്നു. ഇതേ തുടർന്ന് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ പ്രക്ഷോഭക്കാരെ തിരിച്ചയച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമായത്.

അന്വേഷണം പല നമ്പറുകളിലൂടെ

കാണാതാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അനിത രാത്രി ഏറെ വൈകിയും ഒരു അജ്ഞാത നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണാനില്ലായിരുന്നു. അത് സംശയത്തിന് ഇടയാക്കി. തുടർന്ന് പരിശോധിച്ചത് ആ നമ്പറിന്റെ കോൾ റെക്കോർഡുകളാണ്. അതിൽ, കാവേരിയുടെ കുടുംബക്കാർക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നതായി കണ്ടെത്തി. ഈ നമ്പറാകട്ടെ കാസർഗോഡ് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. പുഷ്പയേയും മാസങ്ങളായി കാണാനില്ലായിരുന്നു. അതിലെ കോൾ റെക്കോർഡുകൾ കാണാതായ പുത്തൂർ സ്വദേശിനി വിനുത പിജിനയിലേക്ക് എത്തിച്ചു. ഈ അന്വേഷണം തുടർന്നതോടെ മുന്നോട്ടുള്ള വഴി കൂടുതൽ തെളിഞ്ഞു.

ഒടുവിൽ അന്വേഷണം മോഹൻ കുമാറിലേക്ക്

ലഭ്യമായ സകല കോൾ റെക്കോർഡുകളും ഒന്നിച്ചു ചേർത്ത് ശാസ്ത്രീയമായ വിശകലനങ്ങൾ നടത്താൻ പൊലീസ് തീരുമാനിച്ചു. അതിൽ നിന്നാണ് നിർണായകമായ മറ്റൊരു വിവരം പൊലീസിന് ലഭിക്കുന്നത്. ഈ സിമ്മുകളെല്ലാം എന്നെങ്കിലും ഒരിക്കൽ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തിൽവച്ച് ആക്റ്റീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും കേറിയിറങ്ങി പരിശോധിച്ചു. ഈ അന്വേഷണം എത്തിനിന്നത് ധനുഷ് എന്ന ചെറുപ്പക്കാരനിലാണ്. വിശദമായ ചോദ്യം ചെയ്യലിൽ ഫോണും സിമ്മും നൽകിയത് അമ്മാവനായ മോഹൻ കുമാറാണെന്ന് ധനുഷ് വെളിപ്പെടുത്തി.

ഈ സമയം പുതിയതായി പരിചയപ്പെട്ട യുവതിയുമായുള്ള പ്രണയഭാഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്ന മോഹൻ കുമാർ. മറ്റൊരു കേസിന്റെ വിവരങ്ങൾ അറിയാനെന്ന വ്യാജേനെ വിളിച്ചു വരുത്തി പൊലീസ് മോഹൻ കുമാറിനെ അറസ്റ്റു ചെയ്തു.

കൊലയ്ക്ക് മുന്നേ വിശദമായ പ്ലാനിംഗ്

സാമ്പത്തികമായി ശരാശരിയിലും താഴെ നിൽക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന പെൺകുട്ടികളായിരുന്നു മോഹൻ കുമാറിന്റെ ഇരകൾ. സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടലുകളിൽ എത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സയനൈഡ് പുരട്ടിവച്ച ഗർഭനിരോധന ഗുളിക നിർബന്ധിച്ച് നൽകും. ശുചിമുറിയിൽ എത്തിയാണ് യുവതികൾ ഗുളികകൾ കഴിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതോടെ ശുചിമുറിയിൽ കുഴഞ്ഞുവീണ് അവർ മരണപ്പെടും. തുടർന്ന് സ്വർണവുമായി ഇയാൾ കടന്നുകളയുകയാണ് ചെയ്യുന്നത്.

Read also: കൂടത്തായി കൊലക്കേസുമായി ഏറെ സമാനതകളുള്ള മഹാദേവൻ കൊലക്കേസ്; രണ്ട് കേസും ചുരുളഴിച്ചത് എസ് പി കെ ജി സൈമൺ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here