കൂടത്തായി കൊലക്കേസുമായി ഏറെ സമാനതകളുള്ള മഹാദേവൻ കൊലക്കേസ്; രണ്ട് കേസും ചുരുളഴിച്ചത് എസ് പി കെ ജി സൈമൺ

കൂടത്തായിയിലെ കൂട്ടക്കൊല കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആറ് പേരും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂടത്തായി കൊലക്കേസിന് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ചങ്ങനാശേരി മഹാദേവൻ കൊലക്കേസ്. ഇരു കേസുകളും തമ്മിൽ സമാനതകളേറെയാണ്. രണ്ട് കേസുകളിലും അതി നിഗൂഡമായി നടന്ന കൃത്യങ്ങളിൽ കൊലപാതകികളെ തിരിച്ചറിഞ്ഞതും പിടിയിലായതും വർഷങ്ങൾക്ക് ശേഷമാണ്.
കൂടത്തായിയിലെ ആദ്യ കൊലപാതകം നടക്കുന്നത് 2002ലാണ്. തുടർന്ന് 2008, 2011, 2014, 2016 വർഷങ്ങളിലായി അഞ്ച് പേർ കൊല്ലപ്പെട്ടു. കേസിന്റെ ചുരുളഴിയുന്നതും മുഖ്യപ്രതി ജോളി പിടിയിലാകുന്നതും 17 വർഷങ്ങൾക്ക് ശേഷമാണ്. മഹാദേവൻ കേസിൽ പ്രതിയെ പിടികൂടുന്നതാകട്ടെ 19 വർഷങ്ങൾക്ക് ശേഷവും. രണ്ട് കേസിന്റെയും ചുരുളഴിക്കാൻ നേതൃത്വം നൽകിയതാകട്ടെ എസ് പി കെ ജി സൈമണും.
മഹാദേവൻ കേസ്
1995 ലാണ് ചങ്ങനാശേരി മതുമൂല ഉദയാ സ്റ്റോഴ്‌സ് ഉടമ പുതുപ്പറമ്പ് തുണ്ടിയിൽ വിശ്വനാഥൻ ആചാരിയുടെ മകനും ആറാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്ന മഹാദേവനെ(13) കാണാതാകുന്നത്. ലോക്കൽ പൊലീസും തുടർന്ന് ക്രൈബ്രാഞ്ചും വർഷങ്ങളോളും അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. അതിനിടെ മഹാദേവനെ കണ്ടതായി കാണിച്ച് ഫോൺ കോളുകളും മോഹനദ്രവ്യം ആവശ്യപ്പെട്ട് കത്തുകളും വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിൽ നിർണായകമായി.
കൊല നടന്നത്, നടത്തിയത്
ഒരു ചതയ ദിനത്തിലാണ് മഹാദേവനെ കാണാതാകുന്നതും കൊല്ലപ്പെടുന്നതും. വീടിന് സമീപമുള്ള ഹരികുമാറിന്റെ (ഉണ്ണി) കടയിൽ സൈക്കിൾ നന്നാക്കാൻ പോയതായിരുന്നു മഹാദേവൻ. സൈക്കിളിന് കാറ്റടിക്കുന്നതിനായും ഹരികുമാറിന്റെ കടയിൽ മഹാദേവൻ ഇടക്ക് പോകാറുണ്ട്. കുട്ടിയുടെ കഴുത്തിൽ കിടന്ന മാല സ്വന്തമാക്കാനുള്ള ഹരികുമാറിന്റെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാല കൈക്കലാക്കാൻ കുട്ടിയെ ഹരികുമാർ കഴുത്തുഞെരിച്ച് കൊന്നു. തുടർന്ന് സുഹൃത്ത് സലിമോൻ, സഹോദരി ഭർത്താവ് പ്രമോദ് എന്നിവരുമായി ചേർന്ന് കോട്ടയത്തിന് സമീപമുള്ള മുട്ടത്തെ വെള്ളക്കെട്ടിൽ മൃതദേഹം തള്ളി.
രണ്ടാമത്തെ കൊലപാതകം
മഹാദേവനെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന് അറിയാവുന്ന സലിമോൻ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയിരുന്നു. ഇത് പതിവായതോടെ പ്രമോദുമായി ചേർന്ന് ഒന്നരവർഷത്തിന് ശേഷം വാഴപ്പള്ളി ഗദ്‌സമനി പള്ളിയിലെ തിരുനാൾ ദിവസം രാത്രി സൈക്കിൾ ഷോപ്പിലേക്ക് വിളിച്ചു വരുത്തി സലിമോനെ കൊലപ്പെടുത്തി. മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയാണ് സലിമോനെ കൊന്നത്. പിന്നീട് മഹാദേവന്റെ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് തന്നെ സലിമോന്റെ മൃതദേഹവും തള്ളി. ഇതിന് പിന്നാലെ ഹരികുമാറിന്റെ സഹോദരി ഭർത്താവ് പ്രമോദ് കുളിമുറിയിൽ കാൽവഴുതി വീണ് തലപൊട്ടി മൂന്ന് മാസം ചികിത്സയിൽ കഴിഞ്ഞ ശേഷം മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും അന്വേഷണത്തിൽ കാര്യമായ കണ്ടെത്തൽ നടത്താനായില്ല.
ഹരികുമാർ കുടുങ്ങുന്നത്
2013 ൽ കേസ് അവസാനിപ്പിക്കുന്നതായി കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ മഹാദേവന്റെ പിതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ജി സൈമണായിരുന്നു അന്വേഷണ ചുമതല. പഴയ കേസ് ഡയറി വീണ്ടും പഠിച്ചതോടെയാണ് ഹരികുമാർ പൊലീസിന്റെ നിരീക്ഷണത്തിൽ പെടുന്നത്. ചോദ്യം ചെയ്‌തെങ്കിലും കാര്യമായി വിവരം ലഭിച്ചില്ല. തുടർന്ന് അന്വേഷണ രീതി പൊലീസ് മാറ്റി പിടിച്ചു. കടുത്ത മദ്യപാനിയാണ് ഉണ്ണിയെന്നതാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കച്ചവടക്കാരൻ എന്ന വ്യാജേന ഹരികുമാറും സുഹൃത്തുക്കളുമായി അടുപ്പത്തിലായി. എല്ലാവരും ചേർന്ന് മദ്യം കഴിക്കുന്നത് പതിവാക്കി. ഇതിന് പണം ഒഴുക്കിയത് പൊലീസായിരുന്നു.
മദ്യ ലഹരിയിൽ ഹരികുമാറിന്റെ സുഹൃത്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. ഹരികുമാർ ഒരാളെ കൊലപ്പെടുത്തിയതായി പറഞ്ഞിട്ടുണ്ടെന്ന് ഇയാൾ അബദ്ധത്തിൽ പറഞ്ഞു. തുടർന്ന് ഹരികുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഹരികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here