മൂകാംബികയ്ക്ക് മിഴിവേകി മലയാളി സാന്നിധ്യം

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂരിൽ സൗപർണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. കൊല്ലൂർ ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. നാലു വശവും മലകളാൾ ചുറ്റപ്പെട്ട നനുത്ത കുളിരുള്ള അന്തരീക്ഷം.

ക്ഷേത്രത്തിന്റെ ആകെയുള്ള ഘടന കന്നഡ ശൈലിയിലാണെങ്കിലും ക്ഷേത്ര നടത്തിപ്പിൽ ഒരു മലയാളി സാന്നിധ്യം കാണാം. അതെ, ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ മേൽക്കുളങ്ങള സ്വദേശി പിവി അഭിലാഷിന്റെ നിറ സാന്നിധ്യം. ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളിലടക്കം അഭിലാഷിന്റെ കൈയ്യൊപ്പുണ്ട്.

മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് അഭിലാഷ്. 1998ൽ മംഗലാപുരം എജെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി പഠിക്കാൻ വണ്ടി കറിയ അഭിലാഷ്, പിന്നീട് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായി. ഫിസിയോ തെറാപ്പിയിൽ പിജിയെടുത്ത ശേഷം എജെ ആശുപത്രിയിൽ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ച അഭിലാഷ് വളരെ പെട്ടെന്ന് മാനേജ്‌മെന്റിന്റെ വിശ്വസ്തനായി മാറി.

അഴിമതിയില്ലാത്ത സത്യസന്ധമായ പെരുമാറ്റം കർണാടക സർക്കാറിൽ വലിയ സാധീനമുണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു. ഇപ്പോഴിതാ മൂകാംബിക ക്ഷേത്ര ട്രസ്റ്റിയായും അംഗീകരിക്കപ്പെട്ടിരിക്കുന്നു ഈ മലയാളി.  രാജീവ് ഗാന്ധി സർവകലാശാലാ ഭരണ സമിതി അംഗം, കർണാടക സെൻസർ ബോർഡ് അംഗം, കെഎസ്ഇബി അംഗം എന്നീ നിലകളിൽ തിളങ്ങിയ അഭിലാഷിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്താണ് സർക്കാർ നോമിനിയായി കൊല്ലൂർ ട്രസ്റ്റി ബോർഡിൽ നിയമിക്കുന്നത്. കൊട്ടാരക്കര മേൽക്കുളങ്ങര റിട്ട. അധ്യാപക ദമ്പതികളായ കെപ്രഭാകരന്റേയും വിജയകുമാരിയുടേയും ഏകമകനാണ് അഭിലാഷ്. അഭിഭാഷകയായ അഞ്ജലിയാണ് ഭാര്യ. അഭിരാമി, അദിത്രി എന്നിവരാണ് മക്കൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More