Advertisement

ആത്മഹത്യ ചെയ്യാനൊരുങ്ങി. ഒടുവിൽ അഭിനയം അവസാനിപ്പിച്ചു: നടൻ സാമുവൽ റോബിൻസൺ

October 7, 2019
Google News 1 minute Read

സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടൻ സാമുവൽ അബിയോള റോബിൻസൺ അഭിനയത്തിൽ നിന്നും പിൻവാങ്ങുന്നു. സമൂഹമാധ്യമത്തിലിട്ട ഒരു പോസ്റ്റിലൂടെയാണ് താരം തന്റെ തീരുമാനം പ്രേക്ഷകരെ അറിയിച്ചത്.

ഇപ്പോൾ ജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്. സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തിൽ ആത്മഹത്യക്ക് വരെ ശ്രമിച്ചു.

പോസ്റ്റ് ഇങ്ങനെ,
ഇന്ന് ഞാൻ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു.കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു.വിഷാദ രോഗം ബാധിച്ച് ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു.

ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാക്കുറിപ്പും എല്ലാം ഞാൻ സൂക്ഷിച്ച് വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയായേനെ. ഒരു നടനായതാണ് എന്നെ ഇതിലേക്ക് എത്തിച്ചത്.

മാതാപിതാക്കൾ മരണപ്പെട്ട 15 വയസ്സ് മുതൽ എന്റെ കാര്യങ്ങൾ സ്വന്തമായാണ് നോക്കുന്നത്്. കഠിനാധ്വാനം കൊണ്ട് ചെറു പ്രായത്തിലേ വിജയങ്ങളും എനിക്ക് നേടാനായി. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ബോളിവുഡിലെ രാജ്കുമാർ സന്തോഷിയിൽ നിന്നും എ.ഐ.ബിയിൽ നിന്നും എനിക്ക് അവസരങ്ങൾ വന്നിരുന്നു. തമിഴിലെ വലിയതാരങ്ങളിൽനിന്നും, നൈജീരിയൻ സിനിമകളിൽനിന്നും, നിരവധി പരസ്യബ്രാൻഡുകളിൽ നിന്നെല്ലാമായി എനിക്ക് അവസരങ്ങൾ വന്നു.

എന്നാൽ ഇവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. രൺവീർ സിംഗിനൊപ്പമുള്ള രാജ്കുമാർ സന്തോഷിയുടെ പ്രൊജക്ട് അവർ വേണ്ടെന്നു വെച്ചു. എഐബിയുടെ പ്രൊജക്ട് അതിലെ സംവിധായകനെതിരെ വന്ന ആരോപണങ്ങളാൽ പിൻവലിക്കപ്പെട്ടു. തമിഴിൽ നിന്നും വന്ന അവസരങ്ങൾ നല്ലതാണെന്ന് എനിക്കു തോന്നിയില്ല.

നൈജീരിയയിൽ തുടങ്ങാനിരുന്ന സിനിമ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സംയുക്തമായുള്ള പ്രൊജക്ടായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ വിദേശികൾക്ക് നേരെ അക്രമണം നടക്കുന്ന സാഹചര്യത്തിൽ അതിലും തീരുമാനമായില്ല. കമ്പനിയുടെ ലൈസൻസ് അവസാന നിമിഷം നഷ്ടമായതിനാൽ പരസ്യവും എനിക്ക് നഷ്ടമായി.

ഇത്തരം കാര്യങ്ങൾ തുടർന്നുകൊണ്ടിരുന്നു. നിയന്ത്രണമില്ലാതെ ഒപ്പ് വച്ച ചില സിനിമാ പ്രൊജക്ടുകൾ എനിക്ക് ഒന്നും തിരികെ തന്നില്ല, മറിച്ച് ഭയാനകമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇത് മൂലം ഞാൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ അത് ചെയ്തില്ല, എന്റെ തെറാപ്പിസ്റ്റിനും സുഹൃത്തുക്കൾക്കും നന്ദി.

‘ഗുഡ് ബൈ’ എന്ന് മെസേജ് കണ്ട് സുഹൃത്ത് എന്നെ അവളുടെ തെറാപ്പിസ്റ്റിനെ കൊണ്ട് സംസാരിപ്പിക്കുകയുമുണ്ടായി. അഭിനയമാണ് എന്നെ ഇതിലേക്കെല്ലാം എത്തിച്ചത്. ഇനി വയ്യ, എന്തിന് ഞാൻ ആത്മഹത്യ ചെയ്യണം? അതും ഒരു ജോലി കാരണം? ഇല്ല, എനിക്ക് മറ്റെന്തിങ്കിലും ജോലി കണ്ടെത്താൻ കഴിയും. അഭിനയം ഒരു ജോലി മാത്രമാണെന്ന് മനസ്സിലാക്കാൻ തെറാപിസ്റ്റ് എന്നെ സഹായിച്ചു. അതിന് എന്റെ ജീവിതത്തിന്റെ അത്ര വിലയില്ല. ഞാൻ ഏഴ് ഭാഷകൾ പഠിച്ചിട്ടുണ്ട്. എനിക്ക് വേറെ മറ്റെന്തെങ്കിലും ജോലി ചെയ്യാൻ കഴിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here