‘ജോളി കുടുക്കുകയായിരുന്നു, പൂർണമായും നിരപരാധി’; വ്യാജ ഒസ്യത്തിൽ ഒപ്പുവച്ച സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി

ജോളി തന്നെ കുടുക്കുകയായിരുന്നുവെന്ന് വ്യാജ ഒസ്യത്തിൽ ഒപ്പുവച്ച സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി മനോജ്. താൻ നിരപരാധിയാണെന്നും മനോജ് പറഞ്ഞു. എൻഐടി അധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി തന്നെ പരിചയപ്പെട്ടത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും മനോജ് വ്യക്തമാക്കി.
കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ പൂർണ നിരപരാധിയാണ്. തന്റെ മനസാക്ഷിക്ക് മുൻപിൽ നിരപരാധിയാണ്. എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്ന് ഉള്ളതിനാൽ കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും മനോജ് കൂട്ടിച്ചേർത്തു.
വ്യാജ ഒസ്യത്തിൽ ഒപ്പിട്ടുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മനോജിനെ സിപിഐഎം പുറത്താക്കിയിരുന്നു. കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്നു മനോജ്. 2006 ലാണ് മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നൽകിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടർന്നു. തുടർന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ മനോജ് ഒപ്പുവക്കുകയായിരുന്നു. പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദർശിച്ചപ്പോൾ എഗ്രിമെന്റിൽ ഒപ്പുവച്ച താൻ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് വ്യക്തമാക്കിയിരുന്നു.
Read also: വ്യാജ ഒസ്യത്തിൽ ഒപ്പിട്ട മനോജിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here