ഐഎസ്എലിന് ഇനി 12 നാൾ; രോമാഞ്ചമുണർത്തി അനൗൺസ്മെന്റ് വീഡിയോ

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസൺ ഈ മാസം 20 മുതലാണ് തുടങ്ങുക. അരയും തലയും മുറുക്കി ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി വലിയ പേരുകാർ ഐഎസ്എല്ലിൽ പന്തു തട്ടുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അസമോവ ഗ്യാനും റോയ് കൃഷ്ണയുമൊക്കെ പല ക്ലബുകളിലായി ഇക്കൊല്ലം കളിക്കും.
ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ്. ഒരുപറ്റം മികച്ച കളിക്കാരടങ്ങുന്ന ഇരു ടീമുകളും തമ്മിൽ കൊച്ചിയിൽ നടക്കുന്ന പോരാട്ടം ആവേശമുണർത്തും എന്നുറപ്പ്. ഐഎസ്എൽ തുടങ്ങുന്നതിനു മുന്നോടിയായി അനൗൺസ്മൻ്റ് വീഡിയോ ഐഎസ്എൽ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. രോമാഞ്ചമുണർത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
ഒന്നര മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം. ഫുട്ബോളിനോടുള്ള പാഷനും പ്രണയവുമൊക്കെയാണ് വീഡിയോയുടെ പ്രമേയം. യേ ഹേ ട്രൂ ലവ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആരാധകർക്കായാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here