Advertisement

സൗദിയിലെ ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കി; നിയമം പാലിക്കാത്തവർക്ക് 3000 റിയാൽ പിഴ

October 8, 2019
Google News 0 minutes Read

സൗദിയിലെ ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ നിർബന്ധമാക്കി. നിയമം പാലിക്കാത്ത ടാക്‌സികൾക്ക് 3000 റിയാൽ പിഴ ചുമത്തും. മീറ്റർ പ്രവർത്തിക്കാത്ത ടാക്‌സികളിൽ സൗജ്യന്യ യാത്ര അനുവദിക്കണമെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്‌സി കമ്പനികൾക്ക് നിർദേശം നൽകി.

യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാനാണ് ടാക്‌സികളിൽ മീറ്റർ റീഡിംഗ് മെഷീൻ സ്ഥാപിക്കാൻ സൗദിയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദേശിച്ചത്. യാത്രക്കാരുള്ളപ്പോൾ മീറ്റർ പ്രവർത്തിക്കണം. അല്ലാത്ത പക്ഷം യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാർ കാണുംവിധം ടാക്‌സികളിൽ എഴുതിവയ്ക്കണമെന്നും നിർദേശമുണ്ട്.

പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയർപോർട്ട് ടാക്‌സി എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. യാത്ര തുടങ്ങുമ്പോൾ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ടാക്‌സിയുടമയ്ക്ക് 3000 റിയാൽ പിഴ ചുമത്തും. അതേസമയം, അഞ്ച് ടാക്‌സികൾ ഉണ്ടെങ്കിൽ ഫാമിലി ടാക്‌സി സർവീസിനുള്ള ലൈസൻസ് അനുവദിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വാഹനങ്ങൾ ആയിരിക്കണം സർവീസിന് ഉപയോഗിക്കേണ്ടത്. സൗദി വനിതകൾ ആയിരിക്കും ഫാമിലി ടാക്‌സികൾ ഓടിക്കുക.

പബ്ലിക് ടാക്‌സി കമ്പനികൾക്ക് ലൈസൻസ് ലഭിക്കാൻ റിയാദ്, മക്ക, ജിദ്ദ നഗരങ്ങളിൽ ചുരുങ്ങിയത് 250ഉം മദീന, ദമാം എന്നീ നഗരങ്ങളിൽ ചുരുങ്ങിയത് നൂറും ടാക്‌സികൾ ഉണ്ടാകണം. മറ്റു നഗരങ്ങളിലെ വ്യവസ്ഥകൾ അതോറിറ്റി പിന്നീട് പ്രഖ്യാപിക്കും. എയർപോർട്ട് ടാക്‌സികൾ എയർപോർട്ടിന് പുറത്ത് നിന്നും യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here